കോഴിക്കോട്: ജോലി ഭാരം കുന്നുകൂടുമ്പോഴും പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ അങ്കണവാടി ജീവനക്കാർ. 2021ലാണ് പ്രതിഫലം വർധിപ്പിക്കുമെന്ന് ആശ്വാസ ഉത്തരവ് വന്നത്. എന്നാൽ രണ്ടുവർഷം പിന്നീടുമ്പോഴും ഉത്തരവ് നടപ്പിലാക്കാൻ ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നത്.
ഫീൽഡിലിറങ്ങി വിവരങ്ങൾ ശേഖരിച്ച് 13 ഓളം സർവേ വിവരങ്ങളാണ് ദിവസവും മൊബൈൽ അപ്ലിക്കേഷനിലും രജിസ്റ്ററുകളിലും അങ്കണവാടി ജീവനക്കാർ ഉൾപ്പെടുത്തേണ്ടത്. അതിനൊപ്പം കുട്ടികളുടെ കാര്യങ്ങളും ഹെൽപ്പർമാർ അവധിയുള്ള ദിവസങ്ങളിൽ ഭക്ഷണമുൾപ്പെടെ ഉണ്ടാക്കി നൽകേണ്ട ഉത്തരവാദിത്വവും ജീവനക്കാർക്കാണ്. കുട്ടികളുടെ പ്രഭാത ഭക്ഷണം ഉൾപ്പെടെ തയ്യാറാക്കാൻ രാവിലെ ഒമ്പതോടെ അങ്കണവാടികളിൽ എത്തണം. എന്നാൽ ഈ ജോലിഭാരത്തിനനുസരിച്ച് വേതനവും ഓണറേറിയവും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ഇവർ പറയുന്നു. കൂടാതെ സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളും പരിപാടികളും സംഘടിപ്പിക്കുന്നതിന്റെ ചെലവുകൾ കൈയിൽ നിന്നെടുക്കേണ്ട അവസ്ഥയാണ്.
2021 മുതൽ യാത്രാബത്തയും നൽകാതായതോടെ തുച്ഛ ശമ്പളത്തിൽ നിന്നും ഇത്തരം ചെലവുകളും വഹിക്കേണ്ട സ്ഥിതിയിലാണ് ജീവനക്കാർ.
2019 ൽ സർക്കാർ അനുവദിച്ച രണ്ട് ജിബി മാത്രമുള്ള ഫോൺ വഴി വേണം സർവേ വിവരങ്ങളെല്ലാം രേഖപ്പെടുത്താൻ. എന്നാൽ കാലപ്പഴക്കം കൊണ്ടും വിവരങ്ങൾ ഉൾക്കൊള്ളാനുള്ള സ്റ്റോറേജ് പരിമിതി കൊണ്ടും ഫോണുകളെല്ലാം ഉപയോഗ്യ ശൂന്യമായി.
പലരും സ്വന്തം ഫോണുകൾ ഉപയോഗിച്ചാണ് വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നത്. ഇത്തരം ഓൺലൈൻ ജോലികളിൽ നിന്നും ഒഴിവാക്കണമെന്ന് ഉൾപ്പെടെ നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും അധിക ജോലിഭാരം അടിച്ചേൽപ്പിക്കുകയല്ലാതെ പരിഹാരം കാണാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.
പ്രതിഷേധ ധർണ 17ന്
കോഴിക്കോട്: അങ്കണവാടി ജീവനക്കാരെ മനുഷ്യരായി കാണണമെന്നും ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ നിവേദനങ്ങളിൽ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ അങ്കണവാടി ജീവനക്കാർ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്ക്. സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ 17 നു അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും.
@ആവശ്യങ്ങൾ
@ ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കുക
@നാമമാത്രമായി ലഭിക്കുന്ന ആനുകൂല്യങ്ങളും പെൻഷനും കൃത്യസമയത്ത് നൽകുക,
@2021 മുതൽ നിർത്തലാക്കിയ യാത്രാബത്ത പുന:സ്ഥാപിക്കുക,
@ഓണറേറിയം കൃത്യമായി നൽകുക
@തടഞ്ഞുവച്ച ഇൻസെന്റീവ് ഉടൻ നൽകുക,
@ക്ഷേമനിധി നിക്ഷേപം സംബന്ധിച്ച കൃത്യമായ രേഖകൾ നൽകുക
@അമിതമായ ജോലിഭാരം ഒഴിവാക്കുക