
കോഴിക്കോട് : 'ആൻ എജ്യൂക്കേഷൻ ഫോർ റീത’ എന്ന പുസ്തകത്തിൽ പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പറഞ്ഞു. അറിവില്ലായ്‌മയിൽ നിന്നാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നത്. സ്വാഭാവികമായും പുരുഷാധിപത്യ സമൂഹത്തിൽ പുരുഷനെക്കാൾ ഇരട്ടി അദ്ധ്വാനത്തിലൂടെ മാത്രമേ സ്‌ത്രീയ്ക്ക് അംഗീകാരം ലഭിക്കൂ. അത് പാർട്ടിയുമായല്ല, സമൂഹവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. സാമൂഹിക ചിന്തയുടെ പ്രതിഫലനത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അതിനെ വളച്ചൊടിക്കുന്നതാണ് തലക്കെട്ട്. ഒരു സ്ത്രീ രാഷ്ട്രീയത്തിലേക്ക് കടന്നു വരുമ്പോൾ അവൾക്കെതിരെ ഇത്തരം വിമർശനങ്ങൾ ഉയർന്നു വരും. സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാകുകയും മരിക്കുകയും ചെയ്യുന്നു. പക്ഷേ ഇത്തരം കാര്യങ്ങളിൽ ഭരണകൂടമടക്കം മൗനം പാലിക്കുകയാണ്. വിവാഹം എന്നത് സ്ത്രീകളെ ഉപദ്രവിക്കാനുള്ള ലെെസൻസായി മാറുകയാണെന്നും അവർ പറഞ്ഞു.