കൊടിയത്തൂർ: പാർട്- ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ പരസ്പരം നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കാനിടയായതെങ്ങനെയെന്ന് കണ്ടെത്താനാവാതെ പാർട്ടിയും മുന്നണിയും. ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളടക്കമുള്ളവരെ സംശയിക്കുന്നുണ്ടെങ്കിലും തെളിവ് കിട്ടിയില്ല. അതിനിടെ ഡി.സി.സി.പ്രസിഡന്റിന്റെ നിർദേശപ്രകാരം അന്വേഷണം നടത്തിയ കെ.പി.സി.സി അംഗം എൻ.കെ.അബ്ദുറഹിമാന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടിയത്തൂർ പഞ്ചായത്തംഗം കരിം പഴങ്കലിനെയും കൂടരഞ്ഞി മണ്ഡലം പ്രസിഡൻറ് സണ്ണിയെയും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രചരിച്ച ശബ്ദരേഖയിലുള്ളത് സണ്ണിയോട് കരിം പഴങ്കൽ കോഴ ആവശ്യപ്പെടുന്നതാണ് . സസ്പെൻഷൻ നടപടി പ്രാബല്യത്തിൽ വന്നെങ്കിലും ശബ്ദരേഖ പുറത്തായതെങ്ങനെയെന്ന് കണ്ടെത്താനാവാത്തതിന്റെ ജാള്യതയിലാണ് നേതാക്കൾ. ആരുടെയെങ്കിലും പേരിൽ കുറ്റം ചുമത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
പാർട്- ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിലെ ഉള്ളടക്കം ഗൗരവമുള്ളതാണെന്നും പഞ്ചായത്തുമായി ബന്ധപ്പെട്ട ഉദ്യോഗ നിയമനത്തിൽ പണം ആവശ്യപ്പെടുന്ന പഞ്ചായത്ത് അംഗം കരീം പഴങ്കലിന്റെതായി വന്ന ശബ്ദസന്ദേശം അഴിമതി നിരോധന നിയമപ്രകാരം തെളിവായി സ്വീകരിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഷംസുദ്ധീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.കെ.ടി.ഹമീദ് അദ്ധ്യക്ഷത വഹിച്ചു