കോഴിക്കോട് : കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷന് സാഹിത്യനഗരിയിൽ പ്രൗഢോജ്ജ്വല സമാപനം. തുറന്ന് സംസാരിക്കാനുള്ള വേദിയാണ് സാഹിത്യോത്സവങ്ങളെന്ന് നൊബേൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരുമിച്ച് വന്ന് ഒരുമിച്ച് സംസാരിക്കുകയാണ് വേണ്ടത്. അതിൽ ശരി തെറ്റുകളില്ല. സംസാരത്തിലൂടെ മാത്രമേ മനുഷ്യത്വമുള്ള നല്ല സമൂഹത്തെ കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ. ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് നമ്മൾ പഠിക്കണം. സമൂഹത്തിൽ ടെക്നോളജി ഓരോരുത്തരെയും കീഴടക്കിയതിന്റെ തെളിവാണ് ആളുകൾ പരസ്പരം സംസാരിക്കാതായത്. ലോകം വിഭജിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തി. ദിനം പ്രതി കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കി പ്രതിഫലം പ്രതീക്ഷിക്കാതെ അവരെ സഹായിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വനം മന്ത്രി എ.കെ ശശീന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എൽ.എഫിന്റെ സംഘാടകസമിതി ചെയർമാൻ എ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. കെ സച്ചിദാനന്ദൻ കെ.എൽ.എഫ് 2025ന്റെ തിയതി പ്രഖ്യാപിച്ചു. 2025 ജനുവരി 9, 10, 11, 12 തിയതികളിലായാണ് കെ.എൽ.എഫിന്റെ എട്ടാം എഡിഷൻ നടക്കുക. ഇന്ത്യയിലേക്കുള്ള തുർക്കിഷ് അംബാസിഡർ ഫിറാത്ത് സുനേൽ, തുർക്കി സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രസാധന വിഭാഗം ഡയറക്ടർ നിസാർ കാര, രവി ഡിസി തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എ കെ അബ്ദുൽ ഹക്കീം സ്വാഗതവും കെ.എൽ. എഫ് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കെ.വി ശശി നന്ദിയും പറഞ്ഞു.