കോഴിക്കോട്: ട്രെയിനുകൾക്കും യാത്രക്കാർക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്താൻ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി.
തീവണ്ടികൾക്ക് നേരെയുള്ള കല്ലെറിയൽ, പാളങ്ങളിൽ കല്ലുവെക്കൽ, പ്ലാറ്റ്‌ഫോമുകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മദ്യം, മയക്കു മരുന്ന് ഉപയോഗം, പാളം മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മൊബൈൽ ഫോൺ ദുരുപയോഗം, യാത്രക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ നേരെയുള്ള വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ, തിരക്കുമൂലം യാത്രക്കാർ റിസർവേഷൻ കോച്ചുകളിൽ കയറി ടി. ടി.ഇ മാരും യാത്രക്കാരും തമ്മിൽ തർക്കം, സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ നിരീക്ഷിക്കൽ, ജാഗ്രത പുലർത്തൽ ഉൾപ്പെടെ യോജിച്ച പ്രവർത്തനങ്ങൾക്കായി ആർ.പി.എഫ്, ജി.ആർ.പി, ട്രോമാകെയർ, ടി.ഡി ആർ എഫ്, പോർട്ടർമാർ, ഓട്ടോ ടാക്‌സി ഡ്രൈവർമാർ, സാമൂഹ്യ, സാംസ്‌കാരിക, ആരോഗ്യ സംഘടന പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ജനമൈത്രി പൊലീസ് സമിതി രൂപീകരിച്ചത്. യോഗം കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു.
സബ് ഇൻസ്‌പെക്ടർ സി. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് എ.എസ്.ഐ പി.സുമി മുഖ്യപ്രഭാഷണം നടത്തി. കുറ്റിപ്പുറം മുതൽ മാഹി വരെയുള്ള കോഴിക്കോട് റെയിൽവേ ജനമൈത്രി പൊലീസ് പരിധിയിൽ സേവനം വിപുലീകരിക്കാൻ സി.ഇ. ചാക്കുണ്ണി ചെയർമാനും, ഉമറലി ശിഹാബ് വാഴക്കാട് ജനറൽ കൺവീനറായും 21 അംഗ നിർവാഹക സമിതി രൂപീകരിച്ചു.