1
1

കോഴിക്കോട്: നഗരസഭയിൽ 2024 -25 വർഷത്തെയ്ക്കുള്ള 196 കോടിയുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം. മേയ‌ർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗമാണ് അംഗീകാരം നൽകിയത്. ശുചിത്വം മാലിന്യ സംസ്കരണം, കുടിവെള്ളം, ജല സംരക്ഷണം എന്നിവയ്ക്കായി 50 കോടിയും സാമൂഹ്യ നീതി, വയോജന ക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം എന്നിവയ്ക്കായി 24.47 കോടിയും മാറ്റിവെച്ചു. പൊതുമരാമത്ത് പ്രവൃത്തികൾക്കായി 24.23 കോടിയും റോഡ് നവീകരണത്തിന് 16.16 കോടിയും മാറ്രിവെച്ചു. പാർപ്പിടത്തിന് 22 കോടി, സ്പിൽ ഓവർ- മൾട്ടി പർപ്പസ് പദ്ധതികൾക്കായി 17.9 കോടിയും മാറ്റിവെച്ചു. കൃഷിയ്ക്ക് 1.5 കോടിയും മാറ്റിവെച്ചു. മത്സ്യ മേഖലയ്ക്ക് രണ്ട് കോടി, മൃഗ സംരക്ഷണം ക്ഷീര സംരക്ഷണം എന്നിവയ്ക്കായി രണ്ട് കോടി, പൊതുഭരണത്തിന് മൂന്ന് കോടി, പ്രാദേശിക സാമ്പത്തിക വികസനത്തിന് 2.9 കോടി, ദാരിദ്ര്യ ലഘൂകരണത്തിന് ഒരു കോടി, ജെന്റർ വികസനവും കുട്ടികളുടെ വികസനവും 10.4 കോടി, വിദ്യാഭ്യാസത്തിനും കായികമേഖലയ്ക്കും 1.5 കോടി, പൊതുമരാമത്ത് റോഡിതര നവീകരണത്തിന് 12.07 കോടി, ജൈവ വൈവിദ്ധ്യമാനേജ്മെന്റ് ദുരന്ത നിവാരണം എന്നിവയ്ക്ക് 25ലക്ഷം, പട്ടിക ജാതി വികസനത്തിന് 99 ലക്ഷം എന്നിങ്ങനെയാണ് നീക്കിയിരിപ്പ്.

വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ.പി. ഷിജിന പദ്ധതികൾ അവതരിപ്പിച്ചു. ചർച്ചയിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ടി.കെ. ചന്ദ്രൻ, പി. ദിവാകരൻ, ടി. റനീഷ്, ഒ. സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.

@ യു.ഡി.എഫ് പ്രതിഷേധം

കെ. സ്മാർട്ട് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും പദ്ധതി പൂർണമായി നടപ്പാവുന്നത് വരെ പഴയ സമ്പ്രദായം തുടരണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിൽ യോഗത്തിനുള്ളിലും പുറത്തും പ്രതിഷേധിച്ചു. മുന്നൊരുക്കങ്ങളില്ലാതെ പദ്ധതി നടപ്പാക്കിയതിനാൽ സാധാരണക്കാർ നട്ടം തിരിയുകയാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീ‌ഡർ കെ.സി. ശോഭിത, ഉപനേതാവ് കെ. മൊയ്തീൻ കോയ എന്നിവർ ആവശ്യപ്പെട്ടു. കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാൻ ശോഭിത എഴുന്നേറ്റെങ്കിലും പ്രത്യേക കൗൺസിലിൽ അജണ്ടയ്ക്ക് പുറത്തുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന് മേയർ അറിയിച്ചു. ഇതോടെ യു.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി. യു.ഡി.എഫ് കൗൺസിലർമാരുടെ അഭാവത്തിലാണ് വാർഷിക പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്.