
കോഴിക്കോട്: ലോക്‌സഭാ സീറ്റല്ല പാർട്ടിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്ന് ഐ.എൻ.എൽ വഹാബ് വിഭാഗം. എൽ.ഡി.എഫിലെ കക്ഷിയെന്ന നിലയിൽ പാർട്ടിക്ക് മുന്തിയ പരിഗണന കിട്ടിയിട്ടുണ്ട്. ലോക‌്സഭാ സീറ്റെന്ന സമ്മർദ്ദത്തിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മതരാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ മതേതര സംഗമങ്ങൾ 20 മുതൽ 30 വരെ സംഘടിപ്പിക്കും. കോഴിക്കോട് മൊഫ്യൂസൽ ബസ്‌സ്റ്റാൻഡിൽ 26ന് വൈകിട്ട് നാലിനാണ് സംഗമം. മലപ്പുറത്ത് 21ന് നടക്കും. ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ 30ന് മണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ മതേതര പൊതു കൂട്ടായ്മകൾ സംഘടിപ്പിക്കും. വർഗീയ ധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമം തിരിച്ചറിയാനും അതിനെതിരെ മുന്നിട്ടിറങ്ങാനും മതനിരപേക്ഷ സമൂഹത്തിനാകണമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.പി.ഇസ്മയിൽ, ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ അബ്ദുൾ അസീസ്, ട്രഷറർ ബഷീർ ബഡേരി, ശർമദ് ഖാൻ എന്നിവർ പങ്കെടുത്തു.