 
സുൽത്താൻ ബത്തേരി: ചീറിയടുത്ത കടുവയുടെ വായിൽ നിന്ന് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചെതലയം സ്വദേശി വാലയിൽ സുമേഷാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് ഏഴരയോടു കൂടി ഇരുളം പാമ്പ്ര റോഡിൽ വെച്ചായിരുന്നു സംഭവം. ചെതലയത്ത് നിന്ന് പുൽപ്പള്ളിയിലേയ്ക്ക് ബൈക്കിൽ പോകുമ്പോഴാണ് ഇരുളം പാമ്പ്രയിൽ വെച്ച് കടുവ ബൈക്കിന് പിന്നാലെ പാഞ്ഞടുത്തത്. വനമേഖലയായതിനാൽ സാവധാനമാണ് സുമേഷ് വണ്ടി ഓടിച്ചിരുന്നത്. കടുവ മുരണ്ടുകൊണ്ട് ആക്രമിക്കാനായി ബൈക്കിന് പിന്നാലെ ഓടിയടുത്തപ്പോൾ കടുവയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സ്പീഡ് കൂട്ടി. മുന്നൂറ് മീറ്ററോളം കടുവ ബൈക്കിനെ പിന്തുടർന്നു. ബൈക്കിന് പിറകെ വന്ന കാറുകാർ നിർത്താതെ ഹോൺ മുഴക്കിയപ്പോഴാണ് കടുവ വനത്തിലേക്ക് തിരികെ പോയത്. കടുവയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഇരുളത്തെത്തി അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരോട് വിവരം പറഞ്ഞു. വനം വകുപ്പിനെയും വിവരം ധരിപ്പിച്ചു. ബൈക്കിന് പിന്നാലെയെത്തിയ കാറുകാരും കടുവ ബൈക്ക് കാരനെ ഓടിച്ച വിവരം മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു.
കടുവയുടെ പിടിയിലകപ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ട ആശ്വാസത്തിലാണ് സുമേഷ്. കഴിഞ്ഞ രാത്രിയുണ്ടായ അനുഭവം പറയുമ്പോഴും സുമേഷ് വല്ലാത്ത ഭീതിയിലാണ്. ഈ പ്രദേശത്ത് ഇതിനുമുമ്പും കടുവ വാഹനത്തിനുപുറകെ ഓടിയെത്തിയ സംഭവമുണ്ടായിട്ടുണ്ട്. എത്രയുംവേഗം കടുവയെ പിടികൂടി നീക്കംചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.