youth
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡ് എറിഞ്ഞപ്പോൾ

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിലടച്ചതിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. ലാത്തിചാർജിലും ഗ്രനേഡ് പ്രയോഗത്തിലും മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. വയനാട് ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസ് ശ്രമവും സംഘർഷത്തിലേക്ക് നീങ്ങി.

ഒന്നരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം മുടങ്ങി.ഗതാഗത തടസ്സമുണ്ടാക്കിയതിന് പത്ത് പേർക്കെതിരെ കേസെടുത്തു.

രാവിലെ പതിനൊന്നരയോടെ എരഞ്ഞിപ്പാലത്തുനിന്നും പ്രകടനവുമായി എത്തിയ പ്രവർത്തകരെ പൊലീസ് കളക്ടറേറ്റിന് മുമ്പിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോൾ ജലപീരങ്കി പ്രയോഗം നടന്നു. പിന്നാലെ രണ്ട് ഗ്രനേഡുകളെറിഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. നിഹാൽ, ഷമീൽ അരകിണർ, മൺസൂർ രാമനാട്ടുകര തുടങ്ങയവർക്കാണ് പരിക്കേറ്റത്. ഗ്രനേഡ് പൊട്ടിചിതറിയാണ് ഒരു പ്രവർത്തകന് പരിക്കേറ്റത്. തുടർന്നാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂറിലേറെ റോഡ് ഉപരോധിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിലടച്ച ഇടത് ഭരണ ഭീകരതക്കെതിരെയെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എൻ.എസ്.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സുഫിയാൻ ചെറുവാടി, ടി. എം. നിമേഷ്, വി. ടി. നിഹാൽ, വൈശാൽ ല്ലോറ, കെ. എസ്. യു. ജില്ലാ പ്രസിഡന്റ് വി. ടി. സൂരജ്, സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.