 
@ ബീച്ച് ആശുപത്രിയിൽ കാത്തുനിന്ന് വലഞ്ഞ് രോഗികൾ
കോഴിക്കോട്: ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ ഇടയ്ക്കിടെ എക്സ് റേ യൂണിറ്റ് പണിമുടക്കുന്നത് രോഗികളെ വലയ്ക്കുന്നു.
നിത്യേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ബീച്ച് ആശുപത്രിയിൽ ഇന്നലെയും എക്സ് റേ യൂണിറ്റ് പ്രവർത്തന രഹിതമായി.
കഴിഞ്ഞ ദിവസങ്ങളിൽ എക്‌സ് റേ ഫിലിം തീർന്നത് രോഗികളെ ദുരിതത്തിലാക്കിയിരുന്നു. പ്രശ്നം പരിഹരിച്ചിരുന്നെങ്കിലും ഇന്നലെ വെെകീട്ടോടെ എക്സ് റേ റീഡർ പൂർണമായും പ്രവർത്തനരഹിതമായി. എന്ന് ശരിയാകുമെന്ന ചോദ്യത്തിന് ടെക്‌നീഷ്യൻമാർ വരണമെന്നായിരുന്നു മറുപടിയെന്ന് രോഗികൾ പറയുന്നു. നിർധനരായ രോഗികൾ ഉൾപ്പെടെ ഇത് മൂലം അധിക തുക നൽകി പുറത്തെ സ്വകാര്യ ലാബിൽ എക്‌സ് റേ എടുക്കേണ്ടി വന്നു. കൈവശം പണമില്ലാതിരുന്ന പല രോഗികളും എക്‌സ് റേ എടുക്കാതെ തിരിച്ചു പോയി.
@ ഒരു മാസമയി എക്സ് റേ പണിമുടക്ക്
കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ ഇടയ്ക്കിടയ്ക്ക് എക്‌സറേ യൂണിറ്റ് പണിമുടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഫിലിം തീർന്നതിനാൽ രോഗികൾ പ്രതിഷേധിച്ചിരുന്നു. ഡോക്ടര്‍മാർ എക്‌സ്‌റേ എടുക്കാൻ നിർദ്ദേശിച്ചവരാണ് പ്രതിഷേധിച്ചത്. ദിനംപ്രതി 300 ഓളം രോഗികളാണ് എക്സ് റേ സംവിധാനം ഉപയോഗിക്കുന്നത്. നിലവിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.50 രൂപ മുതൽ നൂറ് രൂപവരെയാണ് ആശുപത്രിയിൽ ഈടാക്കുന്നത്. സ്വകാര്യ ലാബുകളിൽ 250 മുതലാണ് ഫീസ്. പത്ത് വർഷത്തിലധികം പഴക്കമുള്ള എക്സ് റേ യൂണിറ്റാണ് പ്രവർത്തനരഹിതമായിത്.
'' തിങ്കളാഴ്ച വെെകീട്ടോടെയാണ് റീഡർ തകരാറിലായി എക്സറേ യൂണിറ്റ് പ്രവർത്തന രഹിതമായത്. കേടായ റീഡർ മാറ്റാനായി കൊണ്ട് പോയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ശരിയാകും. കഴിഞ്ഞ ദിവസം ഒരു മണിക്കൂർ മാത്രമാണ് എക്സറേ ഫിലിം പ്രശ്നം ഉണ്ടായിരുന്നത്. ഫിലിമുകൾ ഉടൻ എത്തിക്കുകയും യൂണിറ്റ് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ആവശ്യത്തിനുള്ള മരുന്ന് ഇപ്പോൾ ഇവിടെ ഉണ്ട്.
- ഡോ. ആശ ദേവി, സൂപ്രണ്ട്, ബീച്ച് ഹോസ്പിറ്റൽ
ബി.ജെ.പി. ജനകീയ ധർണ നടത്തി
എക്സ് റേ പണി മുടക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ നടത്തിയ ജനകീയ ധർണ് സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി. പ്രകാശൻ , പ്രവീൺ തളിയിൽ , വൈസ് പ്രസിഡന്റുമാരായ എം. ജഗനാഥൻ ലതിക ചെറോട്ട്, സെക്രട്ടറി പി.കെ. മാലിനി തുടങ്ങിയവർ പ്രസംഗിച്ചു.