kayikam
kayikam

കോഴിക്കോട്: ആദ്യകാലകായികതാരങ്ങളുടെ കൈസഹായത്തിൽ പുതിയ കായികപ്പിറവി. കേരളത്തിന്റെ കായികമേഖലയുടെ ഉണർവിനായി കോഴിക്കോട് സായി സെന്റർ (സ്‌പോർട്‌സ് അതോറ്റി ഒഫ് ഇന്ത്യ) വളർത്തിയ താരങ്ങളുടെ കൂട്ടായ്മയായ അസൈക്കിന്റെ (അലൂമിനി ഒഫ് സായ് കാലിക്കറ്റ്) കളിക്കളത്തിനൊരു കൈത്താങ്ങ് പദ്ധതി തുടങ്ങി. സ്‌കൂളുകളും ക്ലബുകളുമടക്കം 15 സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യവസ്തുക്കൾ കൈമാറി. കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങ്

എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കായികമേഖലയിൽ മികവ് തെളിയിക്കുകയും തൊഴിൽ നേടുകയും ചെയ്താൽ പിന്നീട് കായികമേഖലയിൽ നിന്നു തന്നെ അപ്രത്യക്ഷമാകുന്ന കളിക്കാരുടെ കാലത്ത് കോഴിക്കോട് സായി സെന്ററിലെ പൂർവ വിദ്യാർത്ഥികളുടെ ഈ ശ്രമം മാതൃകാപരമാണെന്ന് എം.പി.പറഞ്ഞു. കേരളത്തിന്റെ കായകമേഖലയെ ഉണർത്താൻ സർക്കാർ ശ്രമങ്ങൾക്ക് പുറത്ത് നിന്നുള്ള ഇത്തരം കൂട്ടായ്മകൾ അനിവാര്യമായ കാലമാണിതെന്നും എം.പി. മുൻ മന്ത്രിയും എം.എൽ.എയുമായ അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥിയായി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അർജുന ടോം ജോസഫ്, ഡോ.വി.പി.സക്കീർഹുസൈൻ, സായിസെന്റർ മുൻവോളിബോൾ കോച്ച് ടി.എ.അഗസ്റ്റിൻ , വിപിൻ.എം.ജോർജ്, പ്രിൻസ് തോമസ്, പി.എ.ജോസഫ്, നിഷമേരി ജോൺ, എ.ഫൈസൽ, സിറിൽ ഇമ്മാനുവെൽ, ബോണി മാത്യു, സണ്ണി ജെയിംസ് എന്നിവർ സംസാരിച്ചു. അസൈക് സെക്രട്ടറി ജെ.എം.മുഹമ്മദ് സ്വാഗതവും ട്രഷറർ സിജുകുര്യാക്കോസ് നന്ദിയും പറഞ്ഞു.