news
കായക്കൊടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം ആരോഗ്യമന്ത്രി വീണജോർജ് നിർവഹിക്കുന്നു.

കുറ്റ്യാടി: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ആരംഭിച്ച റോബോട്ടിക് കാൻസർ ശാസ്ത്രക്രിയ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിലും ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കായക്കൊടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കാൻസർ രോഗികളിൽ യന്ത്രമനുഷ്യരാൽ ചെയ്യുന്ന ശാസ്ത്രക്രിയ ഏറെ ഗുണകരമാണെന്നും വളരെ കൃത്യതയോടെ ചെയ്യുന്നതിനാൽ ഏറെ വിജയകരമാണെന്നും മന്ത്രി പറഞ്ഞു. അവയമാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു സംസ്ഥാന അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും അതിനായി നോഡൽ ഓഫീസറെ നിയമിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ എൻ.രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി ചന്ദ്രി, കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീഷ എടക്കുടി, ജില്ലാ പഞ്ചായത്ത് അംഗം സി.എം യശോദ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ റീജ മഞ്ചക്കൽ, എ ഉമ, സരിത മുരളി, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാരാജൻ, പഞ്ചായത്ത് മെമ്പർമാരായ സി.പി ജലജ , ഒ.പി മനോജൻ , എം.കെ അബ്ദുലത്തീഫ്, അഹമ്മദ് കുമ്പളംകണ്ടി , എൻ.എച്ച്.എം പോഗ്രാം ഓഫീസർ ഡോ. സി കെ ഷാജി, ആർദ്രം നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, എം.കെ ശശി, കെ.പി ബിജു, പ്രേംരാജ് കായക്കൊടി, ഇ കെ പോക്കർ, കോരങ്കോട്ട് മൊയ്തു, ശ്രീജിത്ത് വി.കെ, തുടങ്ങിയവർ പ്രസംഗിച്ചു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. സുധീർ നന്ദിയും പറഞ്ഞു. ആർദ്രം പദ്ധതിയുടെ കീഴിൽ ഇ.കെ വിജയൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.