വനംവകുപ്പിന്റെ കൂട്ടിൽ കടുവ കയറിയില്ല
മീനങ്ങാടി: മൂടക്കൊല്ലി മേഖലയിലെ കടുവ ഭീതി തുടരുന്നു. മൂന്നു തവണയായി പ്രദേശത്തെ പന്നിഫാം ആക്രമിച്ച് പന്നികളെ കൊലപ്പെടുത്തി. ശ്രീനേഷ്, ശ്രീജിത്ത് എന്നിവരുടെ ഫാമിലെ 27 പന്നികളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി ആക്രമിച്ചത്. ഫാമിനോട് ചേർന്ന് സ്ഥാപിച്ച സി.സി.ടി.വിയിലും കടുവയുടെ ചിത്രങ്ങൾ പതിഞ്ഞു. ഫാമിനുള്ളിൽ കയറി പന്നിയെ കടിച്ച് പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ പതിഞ്ഞത്.
ഫാമിന് അടുത്തായി തന്നെ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവ കൂട്ടിൽ കയറുന്നില്ല. കാപ്പിത്തോട്ടത്തിലും കൂട് സ്ഥാപിച്ചിട്ടുണ്ട്. ആടിനെയും ഒരു കൂട്ടിൽ പന്നിക്കുഞ്ഞിനെയും കെട്ടിയിട്ടിട്ടുണ്ട്. വനം വകുപ്പു വച്ച ക്യാമറ ട്രാപ്പിലും ചിത്രം ലഭിച്ചിരുന്നു. വയനാട് വൈൽഡ് ലൈഫിലെ 39 ാം നമ്പർ കടുവയാണ് ആക്രമണം നടത്തുന്നത്.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീടിന്റെ സമീപ പ്രദേശങ്ങളിൽ വീണ്ടും കടുവിറങ്ങി ആക്രമണം നടത്തുണ്ട്. വളർത്തുമൃഗങ്ങൾക്ക് കാവൽ ഇരിക്കേണ്ട അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. സൗത്ത് വയനാട് ഡി.എഫ്.ഒ സജ്ന കരീം ഇരുളം റെയിഞ്ച് ഓഫീസർ സമദ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അധികം വൈകാതെ കടുവ കൂട്ടിൽ അകപ്പെടും എന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ഉദ്യോഗസ്ഥർക്ക് എതിരെയും പ്രദേശവാസികളിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ചിരുന്നു. കൃത്യനിർവഹണത്തിന് തടസമാകുന്നുണ്ടെന്ന് കാണിച്ച് കഴിഞ്ഞദിവസം ഏതാനും പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കടുവയെ പിടികൂടാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും നടപടികളുമായി സഹകരിക്കണമെന്നുമാണ് വനം വകുപ്പ് ആവശ്യപ്പെടുന്നത്.