കോഴിക്കോട്: പലതരം മത്സ്യങ്ങൾ, അവയുടെ ജീവിതം... സന്ദർശകർക്ക് വിസ്മയ കാഴ്ചയൊരുക്കി കോഴിക്കോട് ബീച്ച് അക്വേറിയം പുതുമോടിയോടെ തുറന്നു. 17 വലിയ സ്ഫടിക ടാങ്കുകളിലായാണ് മത്സ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ദിനോസറിനോട് സാദൃശ്യമുള്ള മൂന്നടിയോളം വരുന്ന മെക്സിക്കൻ ഇഗ്വേന, മറ്റു മത്സ്യങ്ങളെ ഭക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മീനായ അരാപൈമ, മുതലയുടെ സാദൃശ്യമുള്ള അക്രമകാരിയായ അലിഗേറ്റർ, മത്സ്യങ്ങളിൽ സുന്ദരിയായ അരോണ, അമേരിക്കയിൽ നിന്നുള്ള വൈറ്റ് ഷാർക്ക്, മനുഷ്യരെ ഭക്ഷിക്കുന്ന പിരാന, ചെറുമീനുകളായ വിഡൊ ഫിഷ്, ഏൻജൽ ഫിഷ്, ബ്ലാക് മോർ തുടങ്ങി 120ലധികം അലങ്കാര മീനുകളാണ് അക്വേറിയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
കടലിനടിയിലൂടെയുള്ള യാത്ര (ടണൽ അക്വേറിയം), വിദേശങ്ങളിൽ മാത്രം കാണുന്ന അപൂർവ വർണ മത്സ്യങ്ങൾ, സംഗീത ജലധാര തുടങ്ങിയവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് അക്വേറിയം തുറന്നു നൽകിയത്.
കോഴിക്കോട് ചമ്മച്ചാൽ അക്വേറിയം നടത്തുന്ന കാരപ്പറമ്പ് സ്വദേശി സണ്ണിയാണ് അക്വേറിയം ഏറ്റെടുത്ത് നവീകരിച്ചിരിക്കുന്നത്. രാവിലെ 10.30 മുതൽ രാത്രി 10 മണിവരെയാണ് പ്രവർത്തന സമയം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പുതിയ സവിശേഷതകളുമായി അക്വേറിയം തുറക്കുന്ന സമയങ്ങളിലൊക്കെയും ഇവിടുത്തേക്ക് ആളുകളുടെ ഒഴുക്ക് ഉണ്ടാകാറുണ്ടെന്ന് സമീപത്തെ കടക്കാരും പറയുന്നു.
ഇരുപത്തിയഞ്ച് വർഷത്തെ പഴക്കമുള്ള അക്വോറിയം ഡി .ടി .പി .സി നേരിട്ടാണ് നടത്തിയിരുന്നത്. പിന്നീട് ഡി.ടി.പി.സി യിൽനിന്ന് കരാറെടുത്ത സ്വകാര്യകമ്പനിയുടെ കൈയിലായി. മൂന്നുവർഷം നല്ലനിലയിൽ പ്രവർത്തിച്ചെങ്കിലും പല കാരണങ്ങളാൽ നഷ്ടത്തിലായതോടെ 2018ൽ അടച്ചുപൂട്ടി. നടത്തിപ്പ് കരാർ കാലാവധിയും കഴിഞ്ഞതോടെ അക്വോറിയം നശിച്ചു തുടങ്ങി.
2019 മേയിൽ ടെൻഡർ വിളിച്ച് അക്വറിയം തുറക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും കരാറെടുക്കാൻ ആരും മുന്നോട്ട് വന്നില്ല. 2022 ആഗസ്റ്റ് മുതൽ മലബാർ ടൂറിസം ആൻഡ് ട്രാവലിംഗ് സൊസൈറ്റി അക്വേറിയം വാടകയ്ക്ക് എടുത്ത് നടത്തിയിരുന്നു എന്നാൽ വാടക കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ഡി.ടി.പി.സി ടെൻഡർ റദ്ദു ചെയ്തതോടെ അക്വേറിയം വീണ്ടും അടഞ്ഞു. പുതിയ ടെൻഡർ വിളിച്ചാണ് അക്വേറിയം പ്രവർത്തന സജ്ജമാക്കിയത്. അക്വേറിയം പ്രവർത്തനമാരംഭിച്ചതോടെ കൂടുതൽ സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി.