1
ചാത്തമംഗലം കെ.എം.സി.ടി പോളിടെക്നിക് കോളേജ് കാന്റീനിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുന്നു

കോഴിക്കോട്: വിദ്യാലയങ്ങളുടെ കാന്റീനുകളിൽ വൃത്തിയില്ല, ഭക്ഷണ സാധനങ്ങൾ തോന്നും പോലെ വെക്കുന്നു തുടങ്ങി വിദ്യാർത്ഥികളുടെ നിരന്തര പരാതികളെ തുടർന്ന് പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 20 കാന്റീനുകൾക്ക് പിഴ ചുമത്തി. രണ്ട് ദിവസങ്ങളിലായി 92 സ്ഥാപനങ്ങളിലാണ് ജില്ലയിൽ പരിശോധന നടത്തിയത്. ചെറിയ ന്യൂനത കണ്ടെത്തിയ ഒമ്പത് കാന്റീനുകൾക്ക് നോട്ടീസ് നൽകി.

വിവിധ കോച്ചിംഗ് സെന്ററുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റൽ മെസിലും പരിശോധന നടത്തി. മൂന്നുപേർ വീതം അടങ്ങുന്ന 10 സ്‌ക്വാഡുകളാണ് ജില്ലയുടെ പല ഭാഗങ്ങളിലായി പരിശോധനയ്ക്കെത്തിയത്.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം ഹോസ്റ്റൽ, കാന്റീൻ, മെസ് നടത്തുന്നവർ കൃത്യമായി പാലിക്കണം. ഈ കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കർശന നിയമ നടപടിയാണ് സ്വീകരിക്കുന്നത്.

@ശ്രദ്ധിക്കാൻ

@കാന്റീനുകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉണ്ടായിരിക്കണം

@പാചകത്തിന് ഉപയോഗിക്കുന്ന വെളളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം.

@ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സൂക്ഷിക്കണം

''വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും''- എ.സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ.