satheesan
വി.ഡി.സതീശൻ

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ് സുശക്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് അടുക്കും ചിട്ടയോടെയുമാകും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും കൽപ്പറ്റയിൽ ഡി.സി.സി ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് സതീശൻ പറഞ്ഞു. സംഘടനാ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യേണ്ടി വരും.

ഡി.സി.സി ജനറൽബോഡി യോഗത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡന്റുമാരിൽ നാലുപേർ എത്തിയിരുന്നില്ല. ഒരാൾ മാത്രമാണ് അവധി ആവശ്യപ്പെട്ടത്. ബാക്കിയുള്ളവരോട് വിശദീകരണം ചോദിക്കണമെന്ന് സതീശൻ ഡി.സി.സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സംസ്ഥാന ജാഥയായ സമരാഗ്നിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് പ്രതിപക്ഷ നേതാവ് ജില്ലയിലെത്തിയത്.
ജില്ലയിലെ മുഴുവൻ ബൂത്ത് കമ്മിറ്റികളും പുനസംഘടിപ്പിച്ച ഡി.സി.സിയെ അദ്ദേഹം പ്രശംസിച്ചു.
ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ, ഐ.സി .ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജമീല ആലിപ്പറ്റ, പി.എം. നിയാസ്, എ.ഐ.സി.സി അംഗം പി .കെ .ജയലക്ഷ്മി, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ .എൽ .പൗലോസ് , കെ.പി.സി.സി അംഗം പി.പി .ആലി തുടങ്ങിയവർ പ്രസംഗിച്ചു.