1

കോഴിക്കോട്: കേരളത്തിൽ ആദ്യമായ് നിർമിതബുദ്ധിയുടെ സഹായത്തോടെ ഡീപ് ഫെയ്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്തരേന്ത്യൻ സംഘം നടത്തിയ തട്ടിപ്പിലെ പ്രധാന പ്രതി കൗഷൽ ഷായെ കോടതിയിൽ ഹാജരാക്കി. ഇന്നലെ ഉച്ചയോടെയാണ് മറ്റൊരു കേസിൽ തിഹാർ ജയിലിൽ റിമാൻ‍ഡിൽ കഴിയുന്ന കൗഷൽ ഷായെ ഡൽഹി പൊലീസിന്റെ സഹായത്തോടെ കോഴിക്കോട് സി.ജെ.എം കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി രണ്ട് മണിക്കൂർ പൊലീസിന് ചോദ്യം ചെയ്യാൻ അനുമതി നൽകി. എന്നാൽ ചോദ്യം ചെയ്യലിനോട് പ്രതി സഹകരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രതിയെ ഈ മാസം 31 വരെ റിമാൻഡ് ചെയ്തു. പ്രതിയെ ഡൽഹിയിലെ തിഹാർ ജയിലിലേക്കു തന്നെ കൊണ്ടുപോയി. 25 മുതൽ 28 വരെ തീഹാർ ജയിലിലെത്തി ചോദ്യംചെയ്യാൻ പൊലീസിന് അനുമതി നൽകിയിട്ടുണ്ട്.

നേരത്തേ വീഡിയോ കോൺഫറൻസിംഗ് മുഖേന നേരത്തേ കോടതിയിൽ ഹാജരാക്കിയ ഇയാളെ കോഴിക്കോട് എത്തിക്കാൻ സൈബർ പൊലീസ് പ്രൊഡക്‌ഷൻ വാറന്റ് റിപ്പോർട്ട് നൽകിയിരുന്നു. കൗഷൽ ഷായെ പിടികൂടാൻ മൂന്നു തവണ കോഴിക്കോട് സൈബർ പൊലീസ് ഗുജറാത്തിലും ഗോവയിലും പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ സഹപ്രതികളായ മൂന്നു പേരെ നേരത്തെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേന്ദ്ര സർവീസിൽ നിന്നു വിരമിച്ച പാലാഴി സ്വദേശി കെ.രാധാകൃഷ്ണനാണ് ജൂലൈ ആദ്യവാരത്തിൽ‌ വ്യാജ വീഡിയോ കോൾ തട്ടിപ്പിനിരയായത്. വർഷങ്ങൾക്ക് മുമ്പ് കൂടെ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ ദൃശ്യവും ശബ്ദവും വ്യാജമായി തയാറാക്കിയാണ് 40,000 രൂപ തട്ടിയെടുത്തത്. സിറ്റി സൈബർ ക്രൈം പൊലീസിന്റെ അന്വേഷണത്തിൽ തട്ടിപ്പു സംഘത്തിലെ സേഠ് മുത്തുസാമിയ ഹയാത് ബായി, സിദ്ദേഷ് ആനന്ദ് കർവെ, അംരിഷ് പാട്ടിൽ ഇഗോ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലാണ്.