bushra
രാമനാട്ടുകര ചെയർപേഴ്സൺ ബുഷ്റ റഫീഖ്

മന്ത്രിയ്ക്ക് മറുപടിയുമായി രാമനാട്ടുകര നഗരസഭ

രാമനാട്ടു​കര: വസ്തുനികുതി പരിഷ്ക്കരണത്തിൽ വീഴ്ച വരുത്തിയെന്ന തദ്ദേശസ്വയംഭരണ മന്ത്രിയുടെ വിമർശനം തള്ളി രാമനാട്ടുകര നഗരസഭ. നികുതി അടയ്ക്കാൻ ഓൺലൈൻ സംവിധാനം ഒരുക്കിയില്ലെന്ന മന്ത്രിയുടെ വിമർശനം വസ്തുതകൾ മനസിലാക്കാതെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചെയർപേഴ്സൺ ബുഷ്റ റഫീഖ് .

നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ​ 2016ലെ ഹൈക്കോടതിയുടെ ​ സ്റ്റേ നിലനിൽക്കുന്നതിനാലാണ് ഓൺലൈൻ സംവിധാനവും നികുതിപരിഷ്കരണവും നടക്കാതെ പോയത്. കേസിൽ ഒന്നാംപ്രതിയായ സംസ്ഥാന സർക്കാർ വിഷയത്തിൽ ഒരിടപെടലും നടത്താത്തതിനാലാണ് കാലതാമസം നേരിട്ടത്. 2020ൽ അധികാരത്തിൽ വന്ന നഗരസഭാ ഭരണസമിതിയുടെ നിരന്തര ഇടപെടലിലൂടെയാണ് 2023 ഡിസംബറിൽ സ്റ്റേ നീങ്ങിയത്. തുടർന്ന് സെക്രട്ടറിയുടെ നേതൃത്വത്തിൽ​ നഗരസഭയിലെ 31 ഡിവിഷനുകളിലും ദ്രുതഗതിയിൽ റിവിഷൻ നടത്തി ഡാറ്റ എൻട്രി ചെയ്യുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. വസ്തുതകൾ ഇതായിരിക്കെ നഗരസഭയിൽ നികുതി അടയ്ക്കാൻ സാധിക്കാത്തതിന്റെ പൂർണ ഉത്തരവാദിത്വം നഗരസഭയുടെ തലയിൽ വെച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത ശരിയല്ലെന്നും ബുഷ്‌റ റഫിഖ് വിമർശിച്ചു.