
അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടിയുള്ള അങ്കണവാടി ജീവനക്കാരുടെ സമര പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. മാറി മാറി വരുന്ന സർക്കാരുകൾ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും മിനിമം വേതനം, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യം, അവധി, 2021 മുതൽ നിറുത്തലാക്കിയ യാത്രാബത്ത പുനഃസ്ഥാപിക്കുക, ക്ഷേമനിധി നിക്ഷേപം സംബന്ധിച്ച കൃത്യമായ രേഖകൾ നൽകുക അമിതമായ ജോലിഭാരം ഒഴിവാക്കുക തുടങ്ങി ഏറ്റവും അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശങ്ങൾക്ക് പോലും സമരം നടത്തേണ്ട ഗതികേടിലാണ് ഇവർ. ഇതിൽ അവസാനത്തേതാണ് അവകാശങ്ങളുന്നയിച്ച് അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാകമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ. കൊവിഡിന് മുൻപുള്ള കണക്കനുസരിച്ച് രാജ്യത്ത് 14 ലക്ഷം അങ്കണവാടികളും വർക്കർമാരായും ഹെൽപ്പർമാരായും 25 ലക്ഷത്തോളം ജീവനക്കാരുമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് മഹാമാരിക്കാലത്ത് പോലും കുട്ടികൾക്ക് പോഷകാഹാരം ഉറപ്പിക്കുന്ന സന്നദ്ധപ്രവർത്തനങ്ങളിൽ അവർ സജീവമായിരുന്നു. എന്നാൽ ഈ വിഭാഗത്തിന് പലപ്പോഴും തങ്ങളുടെ അവകാശങ്ങൾ സ്വപ്നം മാത്രമാകുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭങ്ങളുമായി ഇവർക്ക് നിരത്തിലിറങ്ങേണ്ടി വരുന്നത്.
ലോകത്തിലെ എല്ലാ സർവേകളും നടത്താൻ ചുമതലപ്പെട്ടിരിക്കുന്നത് ഈ അങ്കണവാടി ജീവനക്കാരാണ്. പോഷകവിതരണത്തിനും കണക്കെടുപ്പുകൾക്കുമായി പോഷൺ ട്രാക്കർ എന്ന സംവിധാനമുണ്ട്. എന്നാൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് മാത്രം നടത്തേണ്ട ഈ കണക്കെടുപ്പുകൾക്കായി നല്ലൊരു ഫോണോ ഇന്റർനെറ്റ് അലവൻസോ ഇവർക്കായി അനുവദിച്ചിട്ടില്ല. ഫീൽഡിലിറങ്ങി വിവരങ്ങൾ ശേഖരിച്ച് 13 ഓളം സർവേ വിവരങ്ങളാണ് ദിവസവും മൊബൈൽ അപ്ലിക്കേഷനിലും രജിസ്റ്ററുകളിലും അങ്കണവാടി ജീവനക്കാർ ഉൾപ്പെടുത്തേണ്ടത്. എന്നാൽ അതിനായി 2019ൽ സർക്കാർ അനുവദിച്ച രണ്ട് ജിബി മാത്രമുള്ള ഫോണാണുള്ളത്. കാലപ്പഴക്കം കൊണ്ടും വിവരങ്ങൾ ഉൾക്കൊള്ളാനുള്ള സ്റ്റോറേജ് പരിമിതി കൊണ്ടും ഫോണുകളെല്ലാം ഉപയോഗ്യ ശൂന്യമായി.പലരും സ്വന്തം ഫോണുകൾ ഉപയോഗിച്ചാണ് വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നത്.
പണി
തീരുന്നില്ല
രാവിലെ മുതൽ വൈകിട്ടു മൂന്നര വരെയാണ് അങ്കണവാടി പ്രവർത്തന സമയം. എന്നാൽ ജീവനക്കാരുടെ കാര്യത്തിൽ അങ്ങനെയല്ല. അവരുടെ പണി ഇതോടെ തീരുന്നില്ല. ഗൃഹ സന്ദർശനത്തിന്റെയും റജിസ്റ്റർ തയാറാക്കലിന്റെയും പണികൾ അതിനു ശേഷമാണ് ഇവർ ആരംഭിക്കുന്നത് തന്നെ. ഇതിനു പുറമേ, ഏതെങ്കിലും വകുപ്പുകൾ ഏൽപ്പിക്കുന്ന പണികളും ചെയ്തോളണമെന്നാണ് ഉത്തരവ്. മാത്രമല്ല കുട്ടികളുടെ കാര്യങ്ങളും ഹെൽപ്പർമാർ അവധിയുള്ള ദിവസങ്ങളിൽ ഭക്ഷണമുൾപ്പെടെ ഉണ്ടാക്കി നൽകേണ്ട ഉത്തരവാദിത്വവും ജീവനക്കാർക്കാണ്. കുട്ടികളുടെ പ്രഭാത ഭക്ഷണം ഉൾപ്പെടെ തയ്യാറാക്കാൻ രാവിലെ ഒമ്പതോടെ അങ്കണവാടികളിൽ എത്തണം. എന്നാൽ ഈ ജോലിഭാരത്തിനനുസരിച്ച് വേതനവും ഓണറേറിയവും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ഇവർ പറയുന്നു. മാത്രമല്ല സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളും പരിപാടികളും സംഘടിപ്പിക്കുന്നതിന്റെ ചെലവുകളും കെെയ്യിൽ നിന്നെടുക്കണം. തുച്ഛമായ വേതനത്തിൽ നടത്തിപ്പിനുള്ള പണം കൂടി കണ്ടെത്തേണ്ട ഗതിയായതോടെ വലിയ പ്രതിസന്ധിയാണ് ജീവനക്കാർ നേരിട്ടുകൊണ്ടിരിക്കുന്നത്.
അങ്കണവാടികളിലെ ഇലക്ട്രിസിറ്റി ബിൽ, ഗ്യാസ് സിലിണ്ടറിന്റെ പണം, വെള്ളത്തിന്റെ ബില്ല് ഇവ കൂടാതെ നിത്യോപയോഗ സാധനമായ പച്ചക്കറി എന്നിവയെല്ലാം അങ്കണവാടി അദ്ധ്യാപികമാരുടെ കൈയ്യിൽ നിന്ന് പണമെടുത്താണ് ചെലവാക്കുന്നത്. എന്നാൽ ഈ പണം തിരികെ ലഭിക്കാൻ കാലതാമസമെടുക്കുകയാണ്.
തുകയടച്ച രസീത് ജീവനക്കാരുടെ കൈകളിൽ വയ്ക്കുന്നതാണ് അങ്കണവാടികളിലെ രീതി. എന്നാൽ ഈ തുകയൊന്നും സമയത്തിന് ലഭിക്കില്ല. 2021 മുതൽ യാത്രാബത്തയും നൽകാതായതോടെ തുച്ഛമായ ശമ്പളത്തിൽ നിന്നും ഇത്തരം ചെലവുകളും വഹിക്കേണ്ട സ്ഥിതിയിലാണ് ജീവനക്കാർ.ഇത്തരം അമിത ഭാരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഉൾപ്പെടെ നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും അധിക ജോലിഭാരം അടിച്ചേൽപ്പിക്കുകയല്ലാതെ പരിഹാരം കാണാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു.
ശമ്പള വർദ്ധനവ്
പ്രഖ്യാപനം മാത്രം
2021ൽ പ്രതിഫലം വർദ്ധിപ്പിക്കുമെന്ന് ആശ്വാസ ഉത്തരവ് വന്നിരുന്നു. എന്നാൽ രണ്ടു വർഷം പിന്നീടുമ്പോഴും ഉത്തരവ് നടപ്പിലാക്കാൻ ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ദിവസക്കൂലിക്ക് പോലും 1200 രൂപ വരെ കിട്ടുന്ന ഈ കാലത്ത് അമ്പത് വർഷമായി പ്രവർത്തിക്കുന്ന അങ്കണവാടി സംവിധാനത്തിലെ ജീവനക്കാർക്ക് ഓണറേറിയമായി കൊടുക്കുന്നതാകട്ടെ പരമാവധി 12000 രൂപയും. ഇത് 21000 രൂപയായെങ്കിലും വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നടത്താത്ത സമരങ്ങളില്ല. സംസ്ഥാന സർക്കാരിനോട് ആവശ്യങ്ങളുന്നയിച്ചാൽ അത് കേന്ദ്രപദ്ധതിയാണെന്ന് പറയും, കേന്ദ്രത്തോട് ആവശ്യപ്പെട്ടാൽ അത് സംസ്ഥാനസർക്കാരിനോട് പറയാൻ പറയും. ആവശ്യം ഉന്നയിക്കാൻ ഒരു നാഥനില്ലാത്ത സ്ഥിതിയാണെന്നാണ് ജീവനക്കാർ പറയുന്നത്.
അവധിയും ഇല്ല
സ്കൂളുകൾക്കും കോളേജുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സമ്മർ വെക്കേഷനുകളും മറ്റ് അവധിയുണ്ടെങ്കിലും അത് പോലും ബാധകമല്ലാതെ രാപ്പകൽ പ്രവൃത്തിക്കേണ്ടി വരുന്നവരാണ് അങ്കണവാടി ജീവനക്കാർ. പലപ്പോഴും രാത്രി ഏറെ വെെകിയും പ്രവൃത്തിക്കേണ്ടി വരുന്നു. ശനിയാഴ്ച പോലും അവധിയില്ലാതെ പ്രവർത്തിക്കുമ്പോഴും തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ശരിയാണോ എന്നാണ് ഇവർ ചോദിക്കുന്നത്.