 
കോഴിക്കോട്: ചെമ്മീനും ചൂരയും കണി കാണാനില്ല, കടൽ മടക്കം പലപ്പോഴും വെറുംകൈയോടെ... സീസൺ കാലമായിട്ടും മത്സ്യ സമ്പത്ത് കുറഞ്ഞതോടെ തീരം വറുതിയുടെ പിടിയിൽ. സീസൺ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും ലഭിക്കാതായതോടെ കടലിന്റെ മക്കൾ കടുത്ത ആശങ്കയിലാണ്. കടലിൽ ദിവസങ്ങൾ ചെലവഴിച്ചാലും വലയിൽ വീഴുന്നത് തുച്ഛമായ മീനുകൾ മാത്രം. കൊഞ്ചും ചൂരയും കൂന്തളും ധാരാളമായി ലഭിക്കേണ്ട സമയമാണിത്. എന്നാൽ കിട്ടുന്നത് ചെറു കണവയും ചെറു മീനുകളും. കഴിഞ്ഞ സീസണിൽ 300, 400 കൊട്ട നിറയെ ചെമ്മീനും കൂന്തളും ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ 50 കൊട്ട തികച്ചെടുക്കാനില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കടലിൽ മാത്രമല്ല പുഴകളിലും മത്സ്യസമ്പത്ത് കുറഞ്ഞു. ഇതോടെ പുഴകളെ ആശ്രയിച്ച് ജീവിക്കുന്നവരും പ്രതിസന്ധിയിലാണ്. മത്സ്യ ലഭ്യതയില്ലാത്തതിനാൽ വല വീശിയുള്ള മീൻ പിടിത്തം കുറഞ്ഞു. വലയെറിഞ്ഞാൽ ലഭിക്കുന്നത് പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളുമായതിനാൽ തൊഴിലാളികളിൽ പലരും മറ്റ് ജോലി തേടി പോവുകയാണ്. സീസൺ പ്രതീക്ഷയിൽ മറ്റ് സ്ഥലങ്ങളിൽ നിന്നുൾപ്പെടെ എത്തിയ തൊഴിലാളികളുടെയും ഇവരുടെ വളളങ്ങളുടെയും തിരക്കുമാത്രമാണ് തീരത്തിപ്പോൾ.
@ വില്ലനായത് കാലാവസ്ഥ
കാലാവസ്ഥ വ്യതിയാനമാണ് മത്സ്യ ലഭ്യത കുറയാൻ കാരണമെന്ന് പരമ്പരാഗത മത്സ്യ തൊഴിലാളികൾ പറയുന്നു. കടൽ മലിനീകരണം മൂലം മത്സ്യം കൂട്ടത്തോടെ തീരംവിട്ടു. വലിയ ബോട്ടുകൾ അനധികൃതമായി ചെറു മത്സ്യങ്ങളെ പിടികൂടുന്നതും മത്സ്യ സമ്പത്ത് കുറയാൻ കാരണമായി. ആഴക്കടലിൽ പോയാലും മീൻ കിട്ടാത്തതിനാൽ പലരും തിരിച്ചു വരികയാണ്. കടലിൽ പോകാനുള്ള ചെലവ് വർദ്ധിച്ചതും മത്സ്യ തൊഴിലാളികളെ പിറകോട്ട് വലിക്കുകയാണ്. ഇന്ധനം, ആഹാരം, വെള്ളം എന്നിവയെല്ലാം വാങ്ങാനുള്ള തുകയുൾപ്പെടെ 8000 രൂപയോളമാണ് ഇവർക്ക് ഒരോ ദിവസവും ചെലവാകുന്നത്. ഒരു വള്ളത്തിൽ കുറഞ്ഞത് 4 മുതൽ 6 പേർ വരെ പോകാറുണ്ട്. എന്നാൽ വരവ് കുറഞ്ഞതോടെ ബോട്ടുകൾ തീരത്ത് അടുപ്പിക്കേണ്ട സ്ഥിതിയാണ്. മേയ് മാസം വരെ ഈ നില തുടരുമെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്. ട്രോളിംഗ് നിരോധനം വരുന്നതോടെ തീരം വീണ്ടും വറുതിയിലാകും.
@ ലഭ്യത കുറഞ്ഞ മീനുകൾ
ചെമ്മീൻ
ചൂര
കണവ