കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതയ്ക്ക് അനുകൂല മൊഴി നൽകിയ സീനിയർ നഴ്‌സിംഗ് ഓഫിസർ പി.ബി അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയ ആരോഗ്യവകുപ്പിന്റെ നടപടി ട്രൈബ്യൂണൽ ശരിവച്ചു. ഇവരെ മെഡിക്കൽ കോളേജിൽ നിന്ന് വിടുതൽ ചെയ്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എൻ.അശോകൻ ഉത്തരവിറക്കി. അനിത ഇടുക്കി മെഡിക്കൽ കോളേജിൽ ജോലിക്ക് ഹാജരാകണമെന്നും പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ നവംബർ 28നാണ് പി.ബി അനിതയെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയത്. തന്റെ വിശദീകരണം കേൾക്കാതെയാണ് സ്ഥലം മാറ്റമെന്ന പി.ബി അനിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം ട്രൈബ്യൂണൽ രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. അതിനിടെ ഹരജിക്കാരുടെ വിശദീകരണം കേട്ട് റിപ്പോർട്ട് ട്രൈബ്യൂണൽ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനിതയെ സർക്കാർ നേരിൽ കേട്ടുവെന്നും അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച കൃത്യം സംബന്ധിച്ച് അന്വേഷണ കമ്മിറ്റി മുമ്പാകെ പരസ്പരവിരുദ്ധമായ മൊഴികളാണ് അനിതയും ചീഫ് നഴ്‌സിംഗ് ഓഫീസറായ സുമതിയും നൽകിയതെന്നും ഇത് ഇവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്നതിന് തെളിവാണെന്നും സ്ഥലം മാറ്റം ശരിവച്ച ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.
ഗൗരവതരമായ ഒരു സംഭവത്തെ ഉത്തരവാദിത്തപ്പെട്ടവർ ലഘൂകരിച്ചു കണ്ടു. മുഴുവൻ സമയ സുരക്ഷ ഏർപ്പെടുത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടു. സന്ദർശക നിയന്ത്രണം, സി.സി.ടി.വി സംവിധാനം, സുരക്ഷ ഒരുക്കൽ എന്നീ വിഷയങ്ങളിൽ ഗുരുതരമായ വിഴ്ചയാണ് വാർഡിന്റെ ചുമതലയുള്ള നഴ്‌സിംഗ് വിഭാഗം ജീവനക്കാരുൾപ്പെടെയുള്ള കോളേജ് അധികൃതരുടെ ഭാഗത്തുനിനുണ്ടായിട്ടുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അനിതയെ ഇടുക്കി ജില്ലയിലേക്ക് സ്ഥലംമാറ്റിയ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം ഉചിതമാണെന്നും ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. ഇതേ കേസിൽ നഴ്‌സിംഗ് സൂപ്രണ്ട് ബെറ്റി ആന്റണിയെ കോന്നി മെഡിക്കൽ കോളേജിലേക്കും ചീഫ് നഴ്‌സിംഗ് ഓഫീസർ വി.പി സുമതിയെ തിരുവന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കും സ്ഥലം മാറ്റിയിരുന്നു. ഇരുവരും ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ്.