@ ജനുവരിയിൽ
ലഭിക്കേണ്ട മഴ - 1.7 മി.മി
ലഭിച്ചത്-75.6 മി.മി
കോഴിക്കോട്: മൺസൂൺ ബാക്കിവെച്ച മഴ കാലംതെറ്റി പെയ്തെങ്കിലും കൊടും വരൾച്ചയ്ക്ക് ആശ്വാസമാകും. ജനുവരിയിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ കൂടുതൽ മഴയാണ് ഇത്തവണ കോഴിക്കോട് പെയ്തത്. ഇത് വരൾച്ചാ ഭീഷണി കുറയ്ക്കുമെന്നാ ണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ജനുവരി ഒന്നുമുതൽ ഇന്നലെ വരെ 1.7 മി.മീ മഴയാണ് ജില്ലയിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ 75.6 മി.മീ മഴ ലഭിച്ചു. കേരളത്തിൽ 5.2 മി.മി മഴ പെയ്യേണ്ടിടത്ത് 57.2 മി.മി മഴ ലഭിച്ചു. എറണാകുളത്താണ് കൂടുതൽ മഴ കിട്ടിയത്. 113.1 മി.മി. കുറവ് തിരുവനന്തപുരത്തും. 17 മി.മി മഴയാണ് തിരുവനന്തപുരത്ത് പെയ്തത്. കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ അഞ്ചാം സ്ഥാനം കോഴിക്കോടിനാണ്.
ശൈത്യകാല മഴയിൽ ഇത്രയും വലിയ വർധന അപൂർവമാണെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 29 വരെ പെയ്യുന്നതാണ് ശൈത്യകാല മഴയായി കണക്കാക്കുന്നത്. കാലാവസ്ഥയിൽ ഇത്തരം മാറ്റം വരികയും തുലാവർഷം പിൻവാങ്ങുകയും ചെയ്യുന്നതാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ രാത്രിയും പുലർച്ചെയും ഒറ്റപ്പെട്ടയിടങ്ങളിൽ ചാറ്റൽമഴയ്ക്ക് സാദ്ധ്യതയുണ്ടെങ്കിലും മഴ മുന്നറിയിപ്പുകളൊന്നും ഇല്ലാത്തതിനാൽ പൊതുവെ ജില്ലയിൽ ചൂട് വർക്കുമെന്നാണ് നിരീക്ഷണം.
@ വില്ലനായുണ്ട് പകർച്ച വ്യാധികൾ
ചൂടും മഴയും തണുപ്പും ഇടകലർന്ന കാലാവസ്ഥയിൽ ജീവന് ഭീഷണിയാവുകയാണ് പകർച്ച വ്യാധികൾ. മിക്ക ആശുപത്രികളിലും പനി ക്കേസുകൾ കൂടിവരികയാണ്. കഴിഞ്ഞ 17 ന് മാത്രം 1132 പേരാണ് പനി ബാധിച്ച് ജില്ലയിൽ ചികിത്സ തേടിയത്. ഒരാഴ്ചക്കിടെ വിവിധ സർക്കാർ ആശുപത്രികളിൽ 7839 പേർ ചികിത്സ തേടി. സ്വകാര്യ ആശുപത്രികളിലെ എണ്ണം കൂടി നോക്കിയാൽ പനി കണക്കുകൾ ഇരട്ടിയിലധികം വരും. പകർച്ചപനിയും ജലദോഷവുമാണ് വ്യാപകം. പനി മാറിയാലും വിട്ടുമാറാത്ത ചുമ പലരെയും അലട്ടുകയാണ്. പകർച്ചപനിയ്ക്കൊപ്പം ഡെങ്കിപ്പനിയും ചിക്കൻ പോക്സും വ്യാപകമായിട്ടുണ്ട്. 53 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. 38 പേർ ചിക്കൻ പോക്സിനും ചികിത്സ തേടി.
ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയവർ
പകർച്ചപനി- 7839
ഡെങ്കിപ്പനി -53
ചിക്കൻ പോക്സ്- 38
'മൺസൂണിൽ പെയ്യേണ്ട മഴയാണ് പെയ്തത്. മഴയിലുണ്ടായ
ഇത്രയും വലിയ വർധന അപൂർവമാണ് '.
കാലാവസ്ഥ വിദഗ്ദ്ധർ