കോഴിക്കോട്: ജനകീയ പിന്തുണ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാക്കിയതായി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. ചേന്ദമംഗല്ലൂർ ജി.എം.യു.പി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചേരുമ്പോഴാണ് പൊതുവിദ്യാഭ്യാസം ശക്തിപ്പെടുന്നത്. എയ്ഡഡ് സ്‌കൂളിനെയും സഹായിക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട്. അതിനാണ് ചലഞ്ച് ഫണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി മാനേജ്‌മെന്റ് ചെലവാക്കുന്ന തുകയ്ക്ക് തുല്യമായി സർക്കാരും ചെലവാക്കും.
ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പുതിയ കെട്ടിടം വരുമ്പോൾ സ്റ്റാഫ് റൂമുകളുടെ അനാവശ്യ ആഢംബരം ഒഴിവാക്കി ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഒരുക്കാൻ അദ്ധ്യാപകരും ജനപ്രതിനിധികളും പ്രത്യേകം ശ്രദ്ധിക്കണം. ലഹരി ഉപയോഗം തടയാൻ കായിക മേഖലയിലേക്ക് കുട്ടികളെ വഴി തിരിച്ച് വിടാൻ കഴിയണമെന്നും ഷംസീർ പറഞ്ഞു.
ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി കിഫ്ബി വഴി 3.90 കോടി രൂപയാണ് പുതിയ കെട്ടിടം പണിയാൻ ചേന്ദമംഗല്ലൂർ ജി.എം.യു.പി സ്‌കൂളിന് അനുവദിച്ചത്.
മുക്കം നഗരസഭ അസി. എൻജിനിയർ എൻ.പി.സഫീദ റിപ്പോർട്ട് അവതരിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.പി. ചാന്ദ്‌നി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.സത്യനാരായണൻ, കൗൺസിലർമാരായ അബ്ദുൽ ഗഫൂർ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, റംല ഗഫൂർ, എം.മധു, എം.ടി.വേണുഗോപാലൻ, എ.ഇ.ഒ വി.ദീപ്തി, ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പി. കെ.മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. മുക്കം നഗരസഭ ചെയർമാൻ പി.ടി .ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ത്രിവേണി നന്ദിയും പറഞ്ഞു.