k-muraleedharan

കോഴിക്കോട്: പിണറായി-മോദി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുകയെന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുദ്രാവാക്യമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ എം.പി. മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. മകൾക്കുവേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സി.പി.ഐയെ കുരുതികൊടുക്കാൻ പിണറായി തീരുമാനിച്ചെന്നും മറ്റു ഘടകകക്ഷികളെ കുരുതി കൊടുക്കുമോയെന്ന് കാത്തിരുന്നുകാണാമെന്നും കെ. മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് നേതാക്കളെ കാണുമ്പോൾ കടിച്ചുകീറാൻ വരുന്ന മുഖ്യമന്ത്രി,​ മോദിയെ കാണുമ്പോൾ അനുസരണയുള്ള ആട്ടിൻകുട്ടിയായി നിൽക്കുകയാണ്. ഇത്രയും അനുസരണയുള്ള മുഖ്യമന്ത്രിയെ ഞങ്ങൾ ആദ്യമായി കാണുകയാണ്. കുരുക്കിൽ നിന്ന് ഊരിപോരാനുള്ള തന്ത്രമാണ്. പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. അതിൽനിന്നുതന്നെ അവർ തമ്മിലുള്ള അന്തർധാര വ്യക്തമാണ്. 1977ൽ ഇതേ ശക്തികളുമായി മാർക്‌സിസ്റ്റ് പാർട്ടി സഖ്യമുണ്ടാക്കിയിരുന്നു. അന്ന് വട്ടപ്പൂജ്യമാണ് പാർലമെന്റിലേക്ക് കിട്ടിയത്. അത് ഇത്തവണ ആവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ലാവലിൻ ഏതാണ്ട് പോയി. കരുവന്നൂരിനെക്കുറിച്ച് ഒന്നും കേൾക്കാനില്ല. കൂടുതൽ കൂടുതൽ കുരുക്കിലേക്ക് സർക്കാർ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.