കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പത്ത് വായനശാലകൾക്കും 12 സ്കൂളിനും എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ അനുവദിച്ചു. ചെത്തുകടവ് പൊതുജന വായനശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. 3,32,538 രൂപയുടെ പുസ്തകങ്ങളാണ് നൽകിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം കെ.ചന്ദ്രൻ മുഖ്യാതിഥിയായി. എൻ.ഷിയോലാൽ, ചന്ദ്രൻ തിരുവലത്ത് എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി സുരേന്ദ്രനാഥ് സ്വാഗതവും വായനശാല സെക്രട്ടറി പി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.