gggg

കോഴിക്കോട്: റേഷൻ കടകളിൽ വിതരണം ചെയ്യാനെത്തിയ അരിയിൽ ചത്ത എലി, എലിക്കാഷ്ടം എന്നിവ കണ്ടെത്തിയ സംഭവത്തിൽ നടപടികൾ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ഭക്ഷ്യവസ്തുക്കൾ ഇപ്പോഴും റേഷൻ കടകളിൽ കെട്ടിക്കിടക്കുകയാണ്. അവ വിതരണം ചെയ്യരുതെന്ന നിർദ്ദേശം മാത്രമാണ് ജില്ലാ സപ്ലൈ ഓഫീസിൽ നിന്ന് നൽകിയത്. ഇത് തിരിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.

ഈ മാസം 12നാണ് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള റേഷൻ കടകളിലേക്ക് വിതരണത്തിനെത്തിച്ച
അരിയിലും ഗോതമ്പിലും ചത്ത എലി, എലിക്കാട്ടം, പാൻ പരാഗ് പാക്കറ്റ്, കുപ്പി കഷ്ണണങ്ങൾ, ചെറിയ സിമന്റ് കട്ടകൾ എന്നിവ കണ്ടെത്തിയത്. ചില ഇടങ്ങളിൽ വിതരണത്തിനെത്തിയ അരിയിൽ ചെള്ളും എലി കാഷ്ടവുമാണ് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥരെ ഭയന്ന് മിക്ക കട ഉടമകളും ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മയെക്കുറിച്ച് പറയാൻ തയ്യാറല്ലാത്ത അവസ്ഥയുമുണ്ട്.

ഒരാഴ്ച്ച കഴിഞ്ഞിട്ടും സ്റ്റോക്ക് തിരിച്ചെടുക്കാത്തതിൽ കടുത്ത പ്രതിഷേധമുണ്ട്. ഇതിനെതിരെ റേഷൻ വ്യാപാരികൾ രംഗത്തു വന്നു . വെള്ളയിൽ ഗോഡൗണിൽ നിന്നും ഇടയ്ക്കിടെ മോശപ്പെട്ട അരിയും ഗോതമ്പുമാണ് റേഷൻ കടകളിൽ വിതരണത്തിനായി എത്തുന്നതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ചത്ത എലിക്ക് പുറമെ എലിക്കാഷ്ടം, പാൻപരാഗിന്റെ പാക്കറ്റ്, കുപ്പിക്കഷണം, സിമന്റ് കട്ടകൾ എന്നിവ ഉൾപ്പെട്ട നിരവധി ചാക്ക് ഭക്ഷ്യധാന്യം റേഷൻ കടകളിൽ എത്തുന്നുണ്ട്. കൂടാതെ ഏതെങ്കിലും വ്യാപാരിതൂക്കിത്തരണമെന്ന് ആവശ്യപ്പെട്ടാൽ അവിടേക്ക് കീറിയചാക്കുകളിലാണ് വിതരണത്തിനുള്ള

അരി, ഗോതമ്പ് മുതലായവ നൽകുന്നത്. ഇക്കാര്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നിരന്തരം പരാതികൾ നൽകിയെങ്കിലും നടപടികൾ എടുത്തിരുന്നില്ല. ക്വാളിറ്റി കൺട്രോളറെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ എഫ്.സി.ഐ ( ഫുഡ് കോർപ്പേറഷൻ ഒഫ് ഇന്ത്യ) യുമായി

ബന്ധപ്പെട്ടു. എന്നാൽ വിതരണം ചെയ്ത സാധനങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരേ പ്രതിഷേധത്തിനൊരുങ്ങുകയാണ് റേഷൻ വ്യാപാരികൾ.

@ഫെബ്രുവരി ഒന്നിന് പ്രതിഷേധ മാർച്ച്

റേഷൻ കടയിലേക്ക് വിതരണം ചെയ്യാനെത്തിയ അരിയിൽ ചത്ത എലി, എലിക്കാട്ടം തുടങ്ങിയവ കണ്ടെത്തിയ സംഭവത്തിൽ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേത്വത്തിൽ ഫെബ്രുവരി ഒന്നിന് വെള്ളയിൽ എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് മാർച്ച് നടത്തും. ഗുണനിലവാരമുള്ള ഫോർട്ടിഫൈഡ് അരി വിതരണം ചെയ്യുന്ന കാലത്താണ് ഉപയോഗിക്കാൻ പോലും പറ്റാത്ത വിധത്തിലുള്ള അരി റേഷൻ കടകളിൽ എത്തിക്കുന്നത്. സംഭവത്തിൽ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ, സിറ്റി റേഷനിംഗ് ഓഫീസർമാർ, നാഷണൽ ഫുഡ് സെക്യൂരിറ്റി (എൻ.എഫ്.എസ്.എ ) മാനേജർ എന്നിവർക്ക് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്.

'' സ്റ്റോക്ക് മാറ്റിക്കൊടുക്കാനുള്ള നടപടി സ്വീകരിക്കും. എന്ത് കൊണ്ടാണ് അരിയിൽ എലിയും മറ്റ് സാധനങ്ങളും വന്നതെന്ന് അറിയില്ല. അത് പരിശോധിക്കും. വന്ന സ്‌റ്റോക്കുകൾ മാറ്റിക്കൊടുക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട് ''- ബിന്ദു,

ജില്ലാ സപ്ലൈ ഓഫീസർ