കോഴിക്കോട്: രാത്രിയുടെ മറവിൽ മാലിന്യം തള്ളി ഇനി കോഴിക്കോട് നഗരത്തിൽ നിന്ന് എളുപ്പം രക്ഷപ്പെടാമെന്ന് കരുതേണ്ട, പിടി വീഴും. മാലിന്യം തള്ളുന്നവരെ പൂട്ടാൻ കോർപ്പറേഷൻ നൈറ്ര് സ്ക്വാഡുകൾ രൂപീകരിച്ചു. രാത്രി മാത്രമല്ല, പകലും കർശന പരിശോധനയുണ്ടാവും.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിന് നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ കർശന നടപടിയെടുക്കാനുള്ള കോർപ്പറേഷന്റെ ചുവടുവെപ്പ്. ഇതിനായി മൂന്നു സ്‌ക്വാഡുകളാണ് രൂപീകരിച്ചത്. സക്വാഡിന്റെ പ്രവർത്തനം രാത്രിയും പകലും നഗരപ്രദേശങ്ങളിൽ ഉണ്ടാവും. 600 ഓളം വരുന്ന ഹരിത കർമ്മസേന അംഗങ്ങൾ ജൈവ, അജൈവമാലിന്യ ശേഖരണത്തിനായി നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് സ്ക്വാഡ് രൂപീകരിച്ചത്. കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം മാലിന്യം തള്ളിയത് കണ്ടെത്തിയിരുന്നു. പുതിയ ഓർഡിനൻസ് പ്രകാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും സമീപത്തെ സ്റ്റേഷനറി കടയ്ക്കും 5000 രൂപ വീതം തത്സമയ പിഴ ചുമത്തി.

@ പണി വാങ്ങേണ്ട

മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്താൽ ലൈസൻസ് റദ്ദാക്കും

സംസ്‌കരണ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ പരിശോധന

നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകൾ വിൽപനയ്ക്കെതിരെ കടുത്ത നടപടി

@ പൊതുജലാശയം മലിനിമാക്കുന്നർക്കതിരേയും കർശന നടപടി

പൊതുജലാശയം മലിനമാക്കും വിധം പൊതു ഓടയിലേക്ക് മലിന ജലം ഒഴുക്കി വിടുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനാണ് പുതിയ സ്‌ക്വാഡ് പ്രാധാന്യം നൽകുന്നത്. നഗരസഭാ ഹെൽത്ത് ഓഫീസർ ഡോക്ടർ മുനവർ റഹ്മാൻ, ഹെൽത്ത് ഓഫീസർ കെ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് പ്രവർത്തിക്കുന്നത്. കനോലി കനാലിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന മുഴുവൻ സ്ഥാപനങ്ങളിലും പരിശോധന നടത്തി നോട്ടീസ് നൽകുന്നുണ്ട്.

"" സമ്പൂർണ്ണ ശുചിത്വ നഗരം എന്ന പദവിയിലേക്ക് കോഴിക്കോടിനെ ഉയർത്തുക എന്നതാണ് കോർപ്പറേഷന്റെ ലക്ഷ്യം . ഉറവിടമാലിന്യ സംസ്‌കരണ ഉപാധികൾ സബ്‌സിഡിയോടുകൂടി എല്ലാ വീടുകളിലും എത്തിക്കും. "" ഡോ. ബീന ഫിലിപ്പ് ( മേയർ)


""പൊതുജന പങ്കാളിത്തത്തോടെ ശുചിത്വ നഗരം സാദ്ധ്യമാക്കുകയാണ്. പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടെയും സഹകരണം വേണം"" കെ.യു. ബിനി ( കോർപ്പറേഷൻ സെക്രട്ടറി)