@ രണ്ടുപേർ നാദാപുരം സ്വദേശിനികൾ
നാദാപുരം: ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ ഇത്തവണ കർത്തവ്യപഥിൽ നടക്കുന്നത് മലയാളികളുടെ അഭിമാന പരേഡാണ്. സി.ആർ.പി.എഫിന്റെ 262 സാഹസിക മോട്ടോർ സംഘമായ യശസ്വിനിയിൽ രണ്ട് നാദാപുരം സ്വദേശിനികൾ അടക്കം പത്ത് മലയാളി വനിതകൾ ബൈക്ക് റൈഡിൽ പങ്കെടുക്കും. മഹാരാഷ്ട്ര നാഗ്പൂരിൽ കേന്ദ്രീകരിച്ചിരിക്കുന്ന 213 മഹിളാ ബെറ്റാലിയനിലെ അംഗങ്ങളാണ് ഇവരെല്ലാവരും .ബീം റോൾ, പിരമിഡ് , ഓൾ റൗണ്ട് ഡിഫൻസ്, നാരി ശക്തി,ആരോ ഹെഡ്, റൈഫിൽപൊസിഷൻ, ചന്ദ്രയാൻ, വി.ഐ. പി. സല്യൂട്ട് തുടങ്ങിയ സാഹസിക പ്രകടനങ്ങളാണ് യശസ്വിനി ടീം കർത്തവ്യപഥിൽ കാഴ്ചവയ്ക്കാൻ പോകുന്നത് ഇതിൽ പ്രധാനിയായി സി. ആർ.പി. എഫ്. പാരാമിലിട്ടറിൽ വനിതാ കമാൻഡോയായ നാദാപുരം വളയം കുറുവന്തേരി താടിക്കാരന്റെ വിട ചന്ദ്രിയുടെ മകളായ ജിൻസിയും കോ. റൈഡറായി നാദാപുരം കുന്നുമ്മൽ രവീന്ദ്രന്റെ മകൾ അഞ്ജുവുമുണ്ട്.
മലയാളികളായ അഞ്ച് റൈഡേഴ്‌സാണ് പരേഡിൽ പങ്കെടുക്കുന്നത്. ഇതിൽ ജിൻസി എം.കെ. ( വളയം, കോഴിക്കോട്), അഞ്ജു സജീവ് (കടയ്ക്കൽ, കൊല്ലം) അപർണ ദേവദാസ് (വാളയാർ പാലക്കാട്), സി. മീനാംബിക (പുത്തൂർ , പാലക്കാട്), സി.പി. അശ്വതി (പട്ടാമ്പി, പാലക്കാട്) എന്നിവരാണ് റൈഡർമാർ. എൻ.സന്ധ്യ (കുഴൽമന്ദം, പാലക്കാട് ), സി.വി.അഞ്ജു (നാദാപുരം, കോഴിക്കോട്) ബി. ശരണ്യ (കൊല്ലം), ഇ.ശിശിര (മഞ്ചേരി, മലപ്പുറം) ടി.എസ്. ആര്യ ( കല്ലറ, തിരുവനന്തപുരം )എന്നിവരാണ് കോ. റൈഡേഴ്‌സ് ആയിട്ടുള്ളത്.
2021 ലാണ് ജീൻസി സി.ആർ.പി. എഫിൽ സെലക്ടാവുന്നത്. തുടർന്ന് ഒരു വർഷം പള്ളിപ്പുറത്തെ ക്യാമ്പിൽ ട്രെയിനിംഗിന് ശേഷമാണ് സേനയിൽ നിയമനം കിട്ടുന്നത്. 700 വനിതാ സൈനികരിൽ ഒന്നാമതായി ട്രെയിനിംഗ് പൂർത്തിയാക്കിയോടെയാണ് പാരാമിലിട്ടറി വുമൺ കമാൻഡോ ആയി നിയമനം ലഭിച്ചത്. ഇപ്പോൾ ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിനായുള്ള അവസാനഘട്ട പരിശീലനത്തിലാണ് ഈ പത്തംഗ സംഘം.