camera
camera

@ഫെെൻ ഈടാക്കിയത്- 22,39,21,000 രൂപ

@നിയമലംഘനങ്ങൾ- 3,47,693 ലക്ഷം

@ഓരോ മാസവും ഈടാക്കുന്നത് - 80,000 രൂപ

കോഴിക്കോട്: ജില്ലയിൽ എഐ ക്യാമറ കൊണ്ട് ആറു മാസത്തിനിടെ ഈടാക്കിയത് ഇരുപത്തിരണ്ട് കോടിയിലധികം രൂപ. ജൂൺ അഞ്ചു മുതൽ ഡിസംബർ 21 വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ മാത്രം എഐ ക്യാമറ വഴി 3,47,693 ലക്ഷം കേസുകളിലായി 22,39,21,000 രൂപയാണ് ഫൈൻ ഈടാക്കിയത് 3,55,03500 രൂപ പിരിച്ചെടുക്കുകയും 18,84,17,500 രൂപ ഇനി പിരിച്ചെടുക്കാനുമുണ്ട്. കൂടാതെ 2,88,734 കേസുകൾ തീർപ്പാക്കാനുണ്ട്.

ജൂൺ നാലിനാണ് സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിച്ചത്. ജില്ലയിൽ ഓരോ മാസവും എഐ ക്യാമറ വഴിയുള്ള നിയമലംഘനത്തിന് 80,000 രൂപവരെ പിഴ ഈടാക്കുന്നതായാണ് എഐ ക്യാമറ കൺട്രോൾ റൂമിൽ നിന്ന് ലഭിക്കുന്ന വിവരം.

സംസ്ഥാനത്താകെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ജില്ലയിൽ സ്ഥാപിച്ച 63 ക്യാമറകളിൽ 59 എണ്ണമാണ് നിലവിൽ പ്രവർത്തിക്കുന്നത്.ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കൽ, സിഗ്നൽ ലംഘനം, ഡ്രൈവിംഗിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം, ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിംഗ് , അതിവേഗം എന്നിവയാണ് കാമറകൾ വഴി കണ്ടെത്തുന്നത്. ക്യാമറകൾ വന്നതോടെ ആദ്യ ഘട്ടത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ചിരുന്നെങ്കിലും പിന്നീട് ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി മറ്റ് വഴികളിലൂടെ യാത്ര ചെയ്യുന്നവരാണ് കൂടുതലും. ഇത് പരിസരവാസികളെയടക്കം ബുദ്ധിമുട്ടിക്കുകയാണെന്ന് പരാതി ഉയരുന്നുണ്ട്. ക്യാമറയിൽപ്പെടാതെ രക്ഷപ്പെടാൻ വേണ്ടി സമീപത്തെ ഇട റോഡിലൂടെ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. കുട്ടികളും മുതിർന്നവരുമുൾപ്പടെ ഉള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് മിക്കയിടത്തും.

@ റോഡപകടങ്ങൾക്ക് കുറവില്ല


ജില്ലയിൽ റോഡപകടങ്ങളുടെ എണ്ണത്തിലും നിയമലംഘനങ്ങളുടെ എണ്ണത്തിലും കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ഏറ്റവും കൂടുതൽ നിയമലംഘനത്തിന് ഫൈൻ ഈടാക്കിയതും ഇരുചക്ര വാഹന യാത്രക്കാരാണെന്നാണ് ട്രാഫിക് അധികൃതർ വ്യക്തമാക്കുന്നത്. എഐ ക്യാമറ അടക്കം സ്ഥാപിച്ച് റോഡപകടങ്ങൾ കുറയ്ക്കാൻ ശ്രമിക്കുമ്പോഴും ദിനംപ്രതി റോഡുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം വർദ്ധിക്കുന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023ൽ കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം 2197 അപകടങ്ങളിലായി 167 പേരുടെ ജീവനാണ് നഷ്ടമായത്. 2275 പേർക്ക് പരിക്കുപറ്റി. കോഴിക്കോട് റൂറൽ പരിധിയിൽ 2413 അപകടങ്ങളിലായി 139 പേർക്ക് ജീവൻ നഷ്ടമാവുകയും 2673 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2022ൽ കോഴിക്കോട് ജില്ലയിൽ 4235 അപകടങ്ങളിലായി 381 പേർ മരിക്കുകയും 4743 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്ത് 2023 ൽ 43,974 അപകടങ്ങളിലായി 3622 പേർക്ക് ജീവൻ നഷ്ടമാവുകയും 49,791 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അപകടം- മരണം

കണക്കുകൾ

2023- 4610( അപകടം), 306 (മരണം)

2022- 4235 (അപകടം), 381 (മരണം)

.