
കോഴിക്കോട്: ദേശീയപാത നിർമ്മാണത്തിലെ തടസങ്ങൾ നീക്കുമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത അതോറിട്ടിക്ക് കേരളത്തിൽ ആസ്ഥാന മന്ദിരം തുറക്കാൻ തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. ദേശീയപാത 66ലെ പ്രവൃത്തി പുരോഗതി വിലയിരുത്താനായി തൊണ്ടയാട് മേൽപ്പാലം സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊണ്ടയാടും രാമനാട്ടുകരയിലും പണിയുന്ന പുതിയ മേൽപ്പാലം മാർച്ച് ആദ്യവാരം നാടിന് സമർപ്പിക്കും. വെങ്ങളം- രാമനാട്ടുകര ബൈപ്പാസ് നിർമ്മാണം 60 ശതമാനം പൂർത്തിയായി. പ്രവൃത്തികൾ വേഗത്തിലാക്കും. 2025ൽ പുതുവത്സര സമ്മാനമായി തുറന്നുകൊടുക്കും. പാലോളി, മൂരാട് പാലങ്ങളും വേഗത്തിൽ പൂർത്തീകരിച്ച് തുറന്നുകൊടുക്കും. അഴിയൂർ- വെങ്ങളം, വെങ്ങളം- രാമനാട്ടുകര റീച്ചുകളുടെ പ്രവൃത്തികളും മന്ത്രി പരിശോധിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ 109.5 ഹെക്ടർ ഭൂമി ഏറ്റെടുത്തു. സംസ്ഥാന സർക്കാർ 415 കോടി രൂപ ചെലവഴിച്ചു. തലശ്ശേരി-മാഹി ബൈപ്പാസ് ഉടൻ തുറന്നുകൊടുക്കും. ഇതോടെ തലശ്ശേരി-വടകര യാത്രാ സമയം 15 മിനിറ്റായി ചുരുങ്ങും. അഴിയൂർ-വെങ്ങളം റീച്ചിൽ 35 ശതമാനം പ്രവൃത്തിയാണ് പൂർത്തിയായത്.