chips
കുടുംബശ്രീ ബ്രാൻഡ് ചിപ്സ് വിപണിയിൽ ഇറക്കുന്നതിന്റെ ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കുന്നു

കോഴിക്കോട് : കുടുംബശ്രീ ബ്രാൻഡിൽ ഇനി ചിപ്സും വിപണിയിൽ. കുടുംബശ്രീ കൃഷി കൂട്ടായ്മകളിലെ കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും ആവിഷ്‌കരിച്ച പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. ജില്ലയിലെ ചക്കിട്ടപാറ, തിരുവമ്പാടി, കൂരാച്ചുണ്ട്, കടലുണ്ടി, മൂടാടി, തിരുവള്ളൂർ, കീഴരിയൂർ പഞ്ചായത്തുകളിലായി ഏഴ് ഗ്രൂപ്പുകളാണ് പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായ, കപ്പ, ചക്ക തുടങ്ങി വിവിധ തരം ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് സംഭരിച്ച് ചിപ്സ്, സ്ക്വാഷ്, ജാം, അവിലോസ് പൊടി എന്നിവയുണ്ടാക്കി, എ-പ്ലസ് എന്ന ബ്രാൻഡിലാണ് ജില്ലയിലും പുറത്തുമുള്ള വിപണിയിലെത്തിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്ക് മുഖ്യാതിഥിയായി. സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം നേടിയ ജില്ലാ പഞ്ചായത്ത്, യുനസ്‌കോ സാഹിത്യനഗരം പദവി നേടിയ കോർപ്പറേഷൻ, ജില്ലയിലെ മികച്ച സി.ഡി.എസുകൾ, സംസ്ഥാന തലത്തിൽ നടത്തിയ ബാല പാർലമെന്റിൽ ജില്ലയെ പ്രതിനിധീകരിച്ച ബാലസഭാംഗങ്ങൾ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് ഷീജ ശശി, കോർപ്പറേഷനുവേണ്ടി മേയർ ബീന ഫിലിപ്പ് എന്നിവർ ആദരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ, കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ സി.സി.നിഷാദ്, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ബിന്ദു ജയ്സൺ, ജില്ലാ പ്രോഗ്രാം മാനേജർ ടി. ടി. ബജേഷ് എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ആർ. സിന്ധു സ്വാഗതവും പി.വി.ആരതി നന്ദിയും പറഞ്ഞു.