epj

കോഴിക്കോട്: പള്ളി പൊളിച്ച സ്ഥാനത്ത് ക്ഷേത്രം പണിതത് ഹിന്ദുമത വിശ്വാസത്തിനും ധർമ്മത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും എതിരാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ.

ഒരു ഋഷിവര്യനും ഇതിനെ അനുകൂലിക്കില്ല. മതനിരപേക്ഷ രാജ്യത്ത് രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും വിശ്വാസികളും മതവും അതിന്റെ വഴിക്കും മുന്നോട്ടു പോവണം. ബി.ജെ.പി മതത്തെയും രാഷ്ട്രീയത്തെയും ഒരുമിച്ചു ചേർക്കുന്നത് മതവിദ്വേഷത്തിലൂടെ വോട്ട്ബാങ്ക് ഉണ്ടാക്കാനാണ്. ഇതിലൂടെ ഫാസിസ്റ്റ് ഭീകരത തുടരുകയാണ് ലക്ഷ്യമെന്നും ഐ.എൻ.എൽ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ സംഘടിപ്പിച്ച സൗഹാർദ്ദ സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ഡോ.കെ.ടി. ജലീൽ എഴുതിയ ' ഇന്തോനേഷ്യ ക്ഷേത്ര സമൃദ്ധമായ മുസ്ലിം രാജ്യം' പുസ്തകം പി.കെ പാറക്കടവിന് നൽകി ഇ.പി.ജയരാജൻ പ്രകാശനം ചെയ്തു. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി, ഡോ.കെ.ടി ജലീൽ, കാസിം ഇരിക്കൂർ, ഉമർഫൈസി മുക്കം, അലി അബ്ദുല്ല, കെ.കെ. ബാലൻ, മുക്കം മുഹമ്മദ്, ഇ.പി .ദാമോദരൻ, എ.തസ്‌നീം ഷാജഹാൻ, എം.എ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി നാഷണൽ വിമൺസ് ലീഗ് ബൽക്കീസ് ബാനുവിന് അഭിവാദ്യമർപ്പിച്ച് പ്രകടനവും നടത്തി.