suicide

പേരാമ്പ്ര (കോഴിക്കോട്)​: വികലാംഗ പെൻഷൻ അഞ്ചു മാസമായി മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വൃദ്ധൻ ജീവനൊടുക്കി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് വളയത്ത് പാപ്പച്ചൻ എന്ന ജോസഫ് (77) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ ഉച്ചയോടെ അയൽവാസികളാണ് ജോസഫിനെ വീട്ടുവരാന്തയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ജോസഫിന്റെ മൂന്ന് പെൺമക്കളിൽ ഒരാളായ ജിൻസിയും ഭിന്നശേഷിക്കാരിയും കിടപ്പു രോഗിയുമാണ്. കുടുംബം നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

വികലാംഗ പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ജോസഫ് ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. തനിക്കും മകൾ ജിൻസിക്കും പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നവംബർ ഒമ്പതിനാണ് പരാതി നൽകിയത്. ജോസഫിന്റെ ഭാര്യ ഒരു വർഷം മുമ്പ് മരിച്ചു. മറ്റുമക്കൾ: ആൻസി, റിൻസി.

15 ദിവസത്തിനകം പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, പെരുവണ്ണാമൂഴി പൊലീസ് എന്നിവർക്കും നിവേദനം നൽകിയതായും അറിയുന്നു. പെരുവണ്ണാമൂഴി പൊലീസ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം മരണകാരണം സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു. ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്.