കല്ലാച്ചി: നാദാപുരം ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് ലഹരി വിരുദ്ധ മഹാസംഗമം നടക്കും. കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന സംഗമം മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. നാദാപുരം ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കോളേജിലെയും സ്കൂളുകളിലെയും വിദ്യാർത്ഥി പ്രതിനിധികളും പൊതുജനങ്ങളുമാണ് സംഗമത്തിൽ പങ്കെടുക്കുക. ലഹരിപ്പാട്ടിലൂടെ ലഹരി മുക്തം എന്ന സെഷൻ എക്സൈസ് വടകര സർക്കിൾ പ്രിവന്റീവ് ഓഫിസർമാരായ സി. കെ. ജയപ്രസാദ്, കെ.ടി. ഷംസുദ്ദീൻ എന്നിവർ അവതരിപ്പിക്കും. വിദ്യാർത്ഥികൾക്ക് ഋഷിരാജ് സിംഗുമായി സംവദിക്കാനുള്ള അവസരമൊരുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അറിയിച്ചു.