
കോഴിക്കോട്: വികലാംഗ പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായി ആത്മഹത്യചെയ്ത വളയത്ത് ജോസഫിന്റെ മൃതദേഹവുമായി യു.ഡി.എഫ് നേതാക്കൾ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധിച്ചു. 'പിണറായി സർക്കാർ മരിച്ചിരിക്കുന്നു' എന്ന മുദ്രാവാക്യവുമായി എം.കെ.രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹവുമായി യു.ഡി.എഫ് നേതാക്കൾ കളക്ടറേറ്റിന് മുന്നിലെത്തുകയായിരുന്നു. 'മരിച്ച സർക്കാരിന് ആദരാഞ്ജലികൾ' എന്ന റീത്തും കളക്ടറേറ്റിന് മുന്നിൽ നേതാക്കൾ സമർപ്പിച്ചു. കുടുംബത്തിന് നീതി കിട്ടും വരെ പ്രതിഷേധ സമരം തുടരുമെന്ന് എം.കെ.രാഘവൻ എം.പി പറഞ്ഞു. പ്രതിഷേധത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട് നാലു മണിയോടെ മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ജോസഫിന്റെ വീട് സന്ദർശിച്ചു.