
കോഴിക്കോട് : താമരശ്ശേരി ടൗണിൽ ജുവലറിയുടെ ഭിത്തി തുരന്ന് 50 പവൻ കവർന്നു. പൊലീസ് സ്റ്റേഷന് സമീപം റന ഗോൾഡിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്റേതാണ് ജുവലറി. രാവിലെ കട തുറക്കാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കടയുടെ മുകൾ നിലയിലേക്ക് പോകുന്ന കോണിപ്പടിയുടെ സമീപമാണ് തുരന്നത്. മൂന്നു പേരടങ്ങിയ സംഘമാണ് കവർച്ച നടത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌കാഡും പരിശോധന നടത്തി.