ബേപ്പൂർ (കോഴിക്കോട്): ബേപ്പൂരിൽ പെയിന്റിംഗിനും വെൽഡിംഗ് വർക്കിനുമായി കരയിൽ കയറ്റിയിട്ട ബോട്ടിന് തീപിടിച്ച് കോടികളുടെ നഷ്ടം. മാങ്കാവ് സ്വദേശി മിഥുൻ, പുതിയാപ്പ സ്വദേശികളായ ദിനേശൻ, ഷാജി എന്നിവരുടെ ഉടമസ്ഥതയിലുള്ള 'മിലാൻ' ബോട്ടാണ് കത്തിനശിച്ചത്. ബി.സി റോഡിന് സമീപം 'സ്വാഗത് മറൈൻസ് ' ബോട്ട് യാർഡിലായിരുന്നു ബോട്ട് അറ്റകുറ്റപ്പണിയ്ക്കായി നിർത്തിയിട്ടിരുന്നത്. ബോട്ടിന്റെ മുൻവശത്താണ് തീപടർന്നത്. മുന്നിലെ വീൽ ഹൗസ് (ബോട്ട് നിയന്ത്രിക്കുന്ന കാബിൻ), 15 വലകൾ , എക്കോ സൗണ്ടർ, ജി.പി.എസ്, 6 ബാറ്ററികൾ, അരി, പലവ്യഞ്ജനങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു . വീൽ ഹൗസിൽ സൂക്ഷിച്ചിരുന്ന പെയിന്റും അഗ്‌നിക്കിരയായി. ഒന്നര കോടിയുടെ നഷ്ടം കണക്കാക്കുന്നു. ബോട്ടിന്റെ ഡീസൽ ടാങ്കിലേക്കും ഗ്യാസ് സിലിണ്ടർ ഭാഗത്തേക്കും തീ പടരുന്നതിന് മുന്നെ അഗ്നിശമനയും നാട്ടുകാരും ചേർന്ന് അണച്ചതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ പുലർച്ച 3.30ന് കരുവൻതിരുത്തി ഭാഗത്തുനിന്നുള്ളവരാണ് തീ പടരുന്നത് കണ്ടത്. തുടർന്ന് പൊലീസിനെയും മീഞ്ചന്ത അഗ്നിശമന സേനയെയും വിവരം അറിയിക്കുകയായിരുന്നു. ശാസ്തീയ പരിശോധനയിലൂടെയെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാവൂവെന്ന് പൊലീസ് പറഞ്ഞു. ബോട്ടിൽ വെൽഡിംഗ് നടക്കുമ്പോൾ തെറിച്ചുവീണ തീപ്പൊരി വലയിൽ വീണ് പുകഞ്ഞ് കത്തിയതാണോ ബോട്ടിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണോയെന്നും സംശയമുണ്ട്. ബോട്ടുടമകൾ നൽകിയ പരാതിയിൽ ഫിഷറീസ് വകുപ്പും പൊലീസും പരിശോധന നടത്തി. അഗ്‌നിശമന സേനാംഗങ്ങൾക്ക് സംഭവ സ്ഥലത്ത് നേരിട്ടെത്താൻ കഴിയാത്തതിനാൽ നിലയത്തിലെ ഫ്ലോട്ട് പമ്പുകളും ( വെള്ളത്തിന് മുകളിലിട്ട് പ്രവർത്തിപ്പിക്കുന്ന പമ്പ് ) മറ്റുമായാണ് തീയണച്ചത്. അസി. സ്റ്റേഷൻ ഓഫീസർ സുനിൽ പി, ഗ്രേഡ് അസി. ഓഫീസർ ശിഹാബുദ്ധീൻ , ഓഫീസർമാരായ ബിനീഷ്. സി .പി , ജിൻസ് ജോർജ് , ജോസഫ് ബാബു, ശൈലേഷ് .പി , ഷിജു.സി, ഹോം ഗാർഡുമാരായ റഹീഷ് എൻ.വി , സത്യൻ കെ , വിശ്വൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബേപ്പൂർ പൊലീസും ഫറോക്ക് പൊലീസും സ്ഥലത്തെത്തി.