g

പുലിയും....കടുവയും...ആനയും...കാട്ടുപോത്തും ഇപ്പോഴിതാ കരടിയും. വന്യമൃഗങ്ങളെ കാണാനായി ക്യൂ നിന്ന് തിക്കി തിരക്കി ടിക്കറ്റെടുക്കുകയൊന്നും വേണ്ട. നേരെ വയനാട്ടിലേക്ക് വണ്ടി കയറിയാൽ മതി. ഫ്രീയായിട്ട് എവിടെ നിന്ന് വേണമെങ്കിലും കാണാം. മൃഗശാലകളിൽ അടച്ചുറപ്പുള്ള കൂടുകളിലാണ് കരടിയും കാട്ടാനയും കടുവയുമെക്കെ പ്രദർശനത്തിനുള്ളതെങ്കിൽ വയനാട്ടിൽ ജനവാസ മേഖലകളിലടക്കം സ്വൈര്യ വിഹാരം നടത്തുന്ന വന്യമൃഗങ്ങളെയാണ് കാണാനാകുക.

കഴിഞ്ഞ കുറച്ചു നാളുകളായി വനൃമൃഗങ്ങൾ വയനാടിന്റേയും പരിസര പ്രദേശങ്ങളിൽ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട്. വന്യമൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്തി മനുഷ്യരെ ഭീതിയിലാഴ്ത്തുന്ന സംഭവങ്ങൾ പലപ്പോഴും കേട്ടുകേൾവിയാണെങ്കിലും ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. വല്ലപ്പോഴും മാത്രം കേട്ടിരുന്ന കാട്ടാന ആക്രമണവും പുലിപ്പേടിയും കടുവ, കാട്ടുപന്നി തുടങ്ങിയവയുടെ ആക്രമണവുമൊക്കെ ഇന്ന് നിത്യസംഭങ്ങളായി മാറി. വയനാട് മാത്രമല്ല കേരളത്തിലെ പല ഭാഗങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. കൂടുതൽ വയനാട്ടിലെന്ന് മാത്രം.

ഏത് നിമഷവും മരണം മുന്നിൽ കണ്ടാണ് മനുഷ്യൻ ഇവിടങ്ങളിൽ കഴിയുന്നത്. കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തിന് ഇരയായി ഇതിനോടകം നിരവധി പേർക്ക് ജീവൻ നഷ്ടമായതോടെ വന്യജീവി ആക്രമണം തടയണമെന്നാവശ്യപ്പെട്ട് ജനരോഷം പുകഞ്ഞ് കത്തുകയാണ്.

കഴിഞ്ഞ ദിവസം വയനാട്ടിൽ കരടി കൂടെ ഇറങ്ങിയത് ജനങ്ങളുടെ ഭയം ഒന്നു കൂടി ഇരട്ടിപ്പിച്ചു. കരടി ജനവാസമേഖലയിൽ ഇറങ്ങുന്നത് പതിവില്ല. വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പ്രദേശങ്ങളിൽ മാത്രമാണ് കരടിയെ കാര്യമായി കണ്ടിരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കരടി ഇറങ്ങിയതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വയനാടിന്റെ വിവിധഭാഗങ്ങളിൽ കരടി വിലസുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ കരടി നാട് ചുറ്റാൻ തുടങ്ങിയതോടെ വനപാലകരും നാട്ടുകാരും ഒരുപോലെ പ്രതിസന്ധിയിലായി.

വള്ളിയൂർക്കാവ് പരിസരത്താണ് ആദ്യം കരടിയെ കാണുന്നത്. സിസി.ടി.വി ദൃശ്യത്തിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കരടിയെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കിലോമീറ്റർ അകലെ മാനന്തവാടി ടൗൺ പരിസരത്ത് കരടിയെത്തി. ചൊവ്വാഴ്ച പകലാണ് കരടി കൂടുതൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. അടുത്തുള്ള പള്ളിയുടെ അടുക്കള വാതിൽ തകർത്ത് അകത്തു കയറിയ കരടി വെളിച്ചെണ്ണയും പഞ്ചസാരയും ഭക്ഷിച്ചാണ് മടങ്ങിയത്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കരടിയെ പിടികൂടാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥ കിണഞ്ഞ് പരിശ്രമിച്ചിട്ടും സാധിക്കാത്ത സ്ഥിതിയാണ്.

നെൽ വയലിൽ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടം വരുത്തി. കൊയ്ത് ചാക്കിൽ കെട്ടി സൂക്ഷിച്ച ചാക്ക് കണക്കിന് നെല്ല് കാട്ടാനകൾ ചവിട്ടിമെതിച്ചു. വയനാട്ടിൽ ജനവാസ മേഖലകളിൽ കടുവ എത്തുന്തും പതിവ്. കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ട് കിട്ടാത്ത സ്ഥിതിയാണ്. ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. ഇതിനോട് ചേർന്നാണ് കഴിഞ്ഞ ദിവസം കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും കണ്ടത്. പുൽപ്പള്ളി, പൂതാടി, മുള്ളൻകൊല്ലി മേഖലയിലെ കടുവ ഭീതിയ്ക്ക് പുറമെ കാട്ടാന ശല്യവും വർദ്ധിച്ചു. മൂടകൊല്ലിയിലെ പ്രജീഷിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേ വളർത്ത് മൃഗങ്ങൾക്ക് നേരെയുള്ള ആക്രമണം തുടർക്കഥയായി. കർണാടക വനത്തിൽനിന്ന് കടന്നുവരുന്ന കടുവയും ആനകളുമാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.

കാടിറങ്ങുന്ന മൃഗങ്ങൾ

വാസ്തവം എന്ത്

വാസ്തവത്തിൽ മൃഗങ്ങൾ കാടിറങ്ങുന്നതിന്റെ മൂലകാരണം മനുഷ്യൻ തന്നെയാണ്. വനമൃഗ സംരക്ഷണ മേഖലകളിലെ കർശന ഇടപെടലുകൽ വന്യ മൃഗങ്ങളുടെ പ്രജനനം വർദ്ധിക്കുന്നതിനും അതിലൂടെ എണ്ണം പെരുകുന്നതിനും കാരണമായി.

കാട്ടിൽ കഴിയുന്ന മൃഗങ്ങൾ നാട്ടിലെ മനുഷ്യനുമൊത്ത് കഴിയാൻ ആശപൂണ്ടല്ല കാടിറങ്ങുന്നത്. അവന്റെ ആവാസവ്യവസ്ഥയിൽ മനുഷ്യനേൽപ്പിക്കുന്ന മുറിവുകൊണ്ടാണ്. വിശാലമായ കാടുകൾ മനുഷ്യന്റെ ഇടപെടലുകൾ മൂലംനശിച്ചു. മൃഗങ്ങൾക്ക് വാസസ്ഥലം നഷ്ടമായി. അങ്ങനെ ഭക്ഷണം കിട്ടാതായതോടെയാണ് അവ കാടിറങ്ങിയത്. അതല്ലാതെ നാട്ടിലിറങ്ങി മനുഷ്യരെയെല്ലാം ശരിപ്പെടുത്താമെന്ന് കാട്ടുപോത്തുകളും ആനയുമൊക്കെ ചിന്തിക്കുമെന്ന് കരുതാനാകില്ല. പോഷകാംശമുള്ള ആഹാരം ശാസ്ത്രീയമായി തേടി കണ്ടുപിടിക്കാൻ മൃഗങ്ങൾക്ക് കഴിവില്ല. എന്നാല്തങ്ങളുടെ അതിജീവനത്തിനും ആരോഗ്യത്തിനും ഇണങ്ങുന്ന ഭക്ഷണമേതെന്ന് കണ്ടെത്താൻ അവയ്ക്ക് സാധിക്കും.

വനപ്രദേശങ്ങളിലേക്ക് കടന്നുകൊണ്ടുള്ള വികസനവും കൃഷിയും ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുകായണ്. ഇതു മൂലം സോയിൽ ഡിപ്ലീഷൻ അഥവാ മണ്ണ് ശോഷണം കാട്ടിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ പോഷക സമ്പുഷ്ടി ഗണ്യമായി കുറയുന്നതിന് ഇടയാക്കുന്നതായി പഠനങ്ങളുണ്ട്. ഇതിന് പുറമേ വനം പ്രദേശങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിൽ കൃഷിക്കും മറ്റും കൃത്രിമ വളങ്ങളും പോഷകാംശങ്ങളും ഉപയോഗിക്കുന്നതും മൃഗങ്ങളെ കാടിറങ്ങാന് പ്രേരിപ്പിക്കുകയാണ്.

അതേപോലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റുമായി വർദ്ധിച്ചു വരുന്ന പാറമടകളും മൃഗങ്ങൾക്ക് ഭീഷണിയാണ്. സ്‌ഫോടന ശബ്ദവും ചിതറുന്ന പാറക്കഷണങ്ങളും പാറപ്പൊടിയും സൃഷ്ടിക്കുന്ന മലിനീകരണവും വെടിമരുന്നിന്റെ ഗന്ധവുമൊക്കെ വന്യജീവികളുടെ സമനില തെറ്റിക്കും.


ടൂറിസവും

വിനയോ

ഉത്തരവാദിത്വ ടൂറിസം പദ്ധതി വിപുലീകരിക്കാൻ കാടിനേയും ആവാസവ്യവസ്ഥയേയും തകർക്കുന്ന സ്ഥിതിയാണ്. കാടുകയറിയുള്ള വിനോദ സഞ്ചാരവും റിസോർട്ട് നിർമ്മിക്കലും ഇന്ന് വലിയ കച്ചവടമാണ്. കാടിന് നടുവിലായി റിസോട്ടുകളും ടൂറിസം സ്പോട്ടുകളും ഉണ്ടാക്കിയെടുക്കുന്നത് മൂലം മൃഗങ്ങൾക്ക് ആവാസവ്യസ്ഥ ഇല്ലാതാകുകയാണ്. തികഞ്ഞ ഉത്തരവാദിത്തത്തോടെ സംഘടിപ്പിക്കുന്ന വനം ടൂറിസവും കേവലം വിനോദവും സാമ്പത്തിക ലാഭവും ലക്ഷ്യമിട്ടുള്ള കാടു കയ്യേറലും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. കാട്ടിൽ വലിയ ഏറുമാടങ്ങളിൽ വീടുണ്ടാക്കുന്നു. മുക്കിലും മൂലയിലും ടെന്റ് സ്റ്റേകൾ മുളച്ച് പൊന്തുന്നു. ഇവയെല്ലാം കാടിന്റെ ആവാസവ്യവസ്ഥയെ തകർക്കുകയാണ്. വൻ കിട റിസോട്ടുകളിൽ വനൃമൃഗങ്ങളാണ് ഞങ്ങളുടെ പ്രത്യേകതയെന്നും അവയെ തൊട്ടരികിൽ കാണാനുമുള്ള സാഹചര്യം ഒരുക്കും എന്നൊക്കെ പറഞ്ഞ് കാശ് വാങ്ങുന്നവരും ചില്ലറയല്ല. ഇത്തരം റിസോട്ടുകൾക്ക് ചുറ്റും ഉപ്പ് വിതറിയാണ് ഇവർ മൃഗങ്ങളെ ആകർഷിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

പരിഹാരം

വന്യ മൃഗങ്ങൾ കാടിറങ്ങുന്നതിന്റെ കാരണങ്ങൾ എണ്ണിയാൽ തീരില്ല. പക്ഷേ ഇതിെനാരു പരിഹാരമാർഗം നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. പ്രകൃതിയെ മെരുക്കി ജീവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന് ഇനി പരിശീലിക്കേണ്ടത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനാണ്. പ്രകൃതിയുടെ നേട്ടത്തിനായി കീഴടങ്ങുന്നത് ഒരു തോൽവിയല്ലെന്ന് മനസിലാക്കാൻ മനുഷ്യർക്ക് സാധിക്കണം.