march
കർഷകനും ഭിന്നശേഷിക്കാരനുമായ മുതുകാട്ടെ ജോസഫിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സർക്കാരാണെന്ന് ആരോപിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്.

@ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയത് ആരെന്ന് പരിശോധിക്കണം

കോഴിക്കോട്: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ ചക്കിട്ടപ്പാറ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്തസംഭവം രാഷ്ട്രീയ വിവാദത്തിലേക്ക്. കോൺഗ്രസും ബി.ജെ.പിയും ലീഗും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മരണത്തിൽ ഉത്തരവാദിത്വമില്ലെന്ന ന്യായീകരണവുമായി ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി രംഗത്ത്. ജോസഫിനു സാദ്ധ്യമായ എല്ലാ സഹായവും നൽകിയിരുന്നെന്നും അദ്ദേഹത്തിന്റെ മരണത്തെ സംസ്ഥാന സർക്കാരിനെതിരായി തിരിച്ചുവിടാനുളള നീക്കവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ വാ‌ർത്താസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേമ പെൻഷൻ മുടങ്ങിയതോടെയാണ് ജോസഫ്ആത്മഹത്യ ചെയ്തതെന്നാണ് പരാതി. 2010 ജനുവരി 11 നാണ് ജോസഫ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി പെൻഷന് അപേക്ഷ നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകളുടെ അപേക്ഷയും ഇതോടൊപ്പം നൽകിയിരുന്നു. 2010 മാർച്ച് 18 ന് ഇരുവർക്കും പെൻഷൻ പാസായി. 2016ൽ പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇദ്ദേഹത്തിനും മകൾക്കും 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നു. ഈ രണ്ടു പെൻഷൻ കുശ്ശികയായ 21600രൂപ 2016 ജൂലൈ
മാസത്തിലാണ് സർക്കാർ കെടുത്തുതീർത്തത്. എന്നാൽ നാലുമാസത്തെ പെൻഷൻ കുടിശ്ശികയുണ്ടെന്നും, പെൻഷൻ
ലഭിച്ചില്ലെങ്കിൽ മരണമേ വഴിയുള്ളൂ എന്നും പറഞ്ഞ് ഇദ്ദേഹം 2023 നവംബർ 9ന് പഞ്ചായത്തിന് കത്ത് നൽകി.

നവംബർ 10ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ്‍ വീട് സന്ദർശിച്ചു. തൊഴിലുറപ്പ് ജോലി മറ്റു പറമ്പുകളിൽ പോയി ചെയ്യാൻ സാധിക്കില്ലെന്നും സ്വന്തം വീട്ടിൽ ചെയ്യാൻ സൗകര്യം ഒരുക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. തുടർന്ന് സ്വന്തം പറമ്പിൽ ജോലി ചെയ്യാൻ സംവിധാനം ഒരുക്കി. കഴിഞ്ഞ വർഷം 98 പണിയും എടുത്തു. ഡിസംബർ അവസാനം പെൻഷൻ കിട്ടി. മകളുടെ പെൻഷനും ജോസഫാണ് കൈപ്പറ്റിയത്. എന്നാൽ 13 മാസമായി മകൾ കൂടെയില്ല. അഭയമന്ദിരത്തിലാണ്. രണ്ടു പേരുടേതുമായി 24,400 രൂപ കഴിഞ്ഞ വർഷം പെൻഷൻ ഇനത്തിൽ കൈപ്പറ്റി. ജോസഫ് ഇതിന് മുമ്പും ആത്മഹത്യാ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. സ്ഥലത്തിനു രേഖ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അതിദരിദ്രരുടെ പട്ടികയിൽ അദ്ദേഹത്തെ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുത്തിയിരുന്നു. ഇതുവഴി അദ്ദേഹത്തിന് പുതിയ വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപ അനുവദിച്ചു.
ജോസഫിന് സഞ്ചരിക്കുന്നതിന് ഒരു മുച്ചക്ര വാഹനം പഞ്ചായത്ത് നൽകി. വീട്ടിലേക്കു വാഹനം പോകില്ലെന്ന പരാതി ഉന്നയിച്ചതിനെത്തുടർന്ന് അദ്ദേഹത്തിനു മാത്രമായി 5 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിർമിച്ചു നൽകി. 54,000 രൂപ പെൻഷനായും തൊഴിലുറപ്പ് കൂലിയായും കഴിഞ്ഞ വർഷം കൈപ്പറ്റി. എല്ലാ മാസവും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നുണ്ട്. ജോസഫ് കോൺഗ്രസ് പ്രവർത്തകനായിരുന്നെങ്കിലും അദ്ദേഹം മരിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ പോയി നോക്കിയില്ല. സി.പി.എം അംഗങ്ങളാണ് ആദ്യമെത്തിയത്.

ജോസഫിന് മരണക്കുറിപ്പ് എഴുതി നൽകിയത് മാദ്ധ്യമപ്രവർത്തകനാണ്. രണ്ടു കൈകൾക്കും ശേഷിയില്ലാത്ത ജോസഫിന് എഴുതാൻ സാധിക്കില്ല. കത്ത് എഴുതിയത് ആരാണെന്ന് പരിശോധിക്കണം. ആരാണ് മരണത്തിന് പ്രേരിപ്പിച്ചതെന്ന് അന്വേഷിക്കും. പഞ്ചായത്ത് ഭരണസമിതി ചേർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഭരണ സമിതി അംഗങ്ങൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സി.കെ.ശശി, ബിന്ദു വത്സൻ എന്നിവർ പങ്കെടുത്തു.

യു.ഡി.എഫ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

ഓഫീസിലേക്ക് മാർച്ച് നടത്തി

പേരാമ്പ്ര: കർഷകനും ഭിന്നശേഷിക്കാരനുമായ മുതുകാട്ടെ ജോസഫിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ സർക്കാരാണെന്ന് ആരോപിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജോസഫിന്റേത് ആത്മഹത്യയല്ലെന്നും സർക്കാർ നടത്തിയ കൊലപാതകമാണെന്നും ഇതിൽ കുറ്റക്കാരായ മുഖ്യമന്ത്രിക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുമെതിരെ കേസെടുക്കണമെന്നും പാറക്കൽ അബ്ദുള്ള ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ, കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജീവ് തോമസ്, കേരള കോൺഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ, ആർ.കെ. മുനീർ, തണ്ടോറ ഉമ്മർ, ജിതേഷ് മുതുകാട്, പുതുക്കുടി അബ്ദുറഹ്മാൻ, തോമസ് ആനത്താനം, വി.പി. ഇബ്രാഹിം, നടേരി ബാലകൃഷ്ണൻ, അഷറഫ് മിട്ടിലേരി, കെ.സി. രവീന്ദ്രൻ, ജോർജ്ജ് മുക്കള്ളിൽ, രാജേഷ് തറവട്ടത്ത്, ഗിരിജ ശശി, ലൈസ ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ കെ.എ. ജോസുകുട്ടി സ്വാഗതവും റജി കോച്ചേരി നന്ദിയും പറഞ്ഞു.

മനുഷ്യാവകാശ കമ്മിഷണർക്കും

ഭിന്നശേഷി കമ്മിഷണർക്കും
പരാതി നൽകി

പേരാമ്പ്ര: ക്ഷേമപെൻഷൻ ലഭിക്കാത്തത് മൂലം ജീവിതംവഴിമുട്ടി ആത്മഹത്യ ചെയ്ത ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ നടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ ദേശീയ മനുഷ്യവകാശ കമ്മിഷണർക്കും സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്കും
കത്തയച്ചു .

യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം

പേരാമ്പ്ര : ചക്കിട്ടപാറയിലെ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്തത് സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്മിന മജീദ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുനന്ദ് ,ജില്ലാ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി, കിഷോർകാന്ത് മുയിപ്പോത്ത്, മുഹമ്മദ് ഷാഹിം,അശ്വിൻ ദേവ് ,അദ്വൈത് നൊച്ചാട്,അക്ഷയ് ആർ.പി,സുമിത്ത് കടിയങ്ങാട്, അഭിമന്യു .എസ്, അനീഷ് കെ.സി, അജ്മൽ ചേനായി,അമിത്ത് മനോജ്,ആമീൻ മേപ്പയ്യൂർ എന്നിവർ നേതൃത്വം നൽകി.

പഞ്ചായത്ത്പ്രസിഡന്റിനെതിരെ കേസെടുക്കണം

പേരാമ്പ്ര: ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്രാമപഞ്ചായത്ത്പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക്‌ കേസെടുക്കണമെന്ന് സ്വതന്ത്ര കർഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി. എ.അസീസ് ഉദ്ഘാടനംചെയ്തു. ടി.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഒ.പി. മൊയ്തു, നസീർ വളയം, ടി.കെ. ഇബ്രാഹിം,സി.കെ. മഹമൂദ്ഹാജി, ടി.കെഎലത്തീഫ്, എം.കെ.സികുട്ട്യാലി, പുതുക്കുടിഅബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു