fffffffffffff

 നിർദ്ദേശവുമായി ജില്ല വികസന സമിതി

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി നടപ്പിലാക്കാൻ ജില്ലാ വികസന സമിതി യോഗം നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷവും ചുരത്തിലെ ഗതാഗതക്കുരുക്ക് തുടരുന്നതായി എം.എൽ.എമാരായ കെ.എം സച്ചിൻ ദേവ്, ലിന്റോ ജോസഫ് എന്നിവർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കളക്ടർ ഇതുമായി ബന്ധപ്പെട്ട് പൊലീസ്, ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

ശനി, ഞായർ ഉൾപ്പെടെയുള്ള പൊതുഒഴിവ് ദിവസങ്ങളിലും രണ്ടാം ശനിയോട് ചേർന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പത് വരെയാണ് നിയന്ത്രണം.

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുടെ വശങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ലിന്റോ ജോസഫ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് കേന്ദ്രം ഹോട്ടൽ ആക്കി മാറ്റി ഉപയോഗിക്കുന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മലയോര ഹൈവേ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഓടിക്കാനുള്ള പെർമിറ്റ് അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. പുതുപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആംബുലൻസ് സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ (ആരോഗ്യം) അറിയിച്ചു. അടുത്തിടെയുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ചെറിയ റെയിൽവേ ക്രോസിംഗുകൾ റെയിൽവേ അധികൃതർ അടക്കുന്നത് പരിസരവാസികളായ വീട്ടുകാർക്കും കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ചൂണ്ടിക്കാട്ടി. റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അസി. കളക്ടറെ യോഗം ചുമതലപ്പെടുത്തി.

നവകേരള സദസ് തീർപ്പാക്കിയത് 8777 നിവേദനം

നവകേരള സദസിൽ ജില്ലയിൽ ലഭിച്ച 47981 നിവേദനങ്ങളിൽ 8777 എണ്ണം തീർപ്പാക്കിയതായി എ.ഡി.എം യോഗത്തെ അറിയിച്ചു. 75 അപേക്ഷകൾ നിരസിച്ചു. 10969 നിവേദനങ്ങളിൽ റിപ്പോർട്ട് ലഭ്യമായി. ബാക്കിയുള്ളവയിൽ നടപടികൾ പുരോഗമിക്കുകയാണ്. ഇവയിൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.