@ കളിയിടമില്ലാതെ കുട്ടികൾ
കോഴിക്കോട്: സായാഹ്നങ്ങളും ആഘോഷങ്ങളും അടിച്ചുപൊളിക്കാൻ നഗരത്തിലെത്തുന്ന കുട്ടികൾക്ക്
പാർക്കുകളിലെത്തിയാൽ കടുത്ത നിരാശ. മാനാഞ്ചിറയിലെ അൻസാരി പാർക്ക് അന്ത്യശ്വാസം വലിച്ചുതുടങ്ങിയിട്ട് വർഷങ്ങളായി. പച്ചപ്പരവതാനികളല്ല, പകരം കളനിറഞ്ഞ പാർക്കാണ് കുട്ടികളെ കാത്തിരിക്കുന്നത്. ചിലയിടങ്ങൾ കാടുമൂടി കഴിഞ്ഞു. തുരുമ്പെടുത്ത കളിയുപകരണങ്ങളിൽ കയറാൻ കുട്ടികൾ ഭയപ്പെടുകയാണ്. കോർപ്പറേഷൻ ബീച്ചിൽ ഒരുക്കിയ ലയൺസ് പാർക്കിന്റെയും സ്ഥിതി മറിച്ചല്ല. കുട്ടികളുമൊത്ത് ഒഴിവുദിനങ്ങളിലും അല്ലാതെയും നഗരത്തിലെത്തുന്ന നിരവധി പേരാണ് വിനോദത്തിനും വിശ്രമത്തിനും ഇടമില്ലാതെ മടങ്ങുന്നത്. കാടുകയറി പാമ്പും പഴുതാരയും ഇഴയുന്ന പാർക്കുകളിൽ കുട്ടികളെ ഒറ്റയ്ക്ക് വിടാൻ മടിക്കുകയാണ് രക്ഷിതാക്കൾ.
അൻസാരി പാർക്കിൽ പരിപാലനത്തിന്റെ പേരിൽ ആകെ നടക്കുന്നത് നടപ്പാത അടിച്ചുവാരലാണ്. മരങ്ങളിൽ നിന്ന് ഉണങ്ങിവീഴുന്ന ഇലകളും കൊമ്പുകളും നിറഞ്ഞ് പാർക്കിന്റെ പലഭാഗങ്ങളും കുപ്പക്കണ്ടം പോലെയായി.
പാർക്കിലെ പ്രധാന ആകർഷണമായി മാനാഞ്ചിറയ്ക്ക് സമീപം ഒരുക്കിയ ജലധാരയും പ്രവർത്തിക്കുന്നില്ല . പാർക്ക് നവീകരിച്ചപ്പോൾ ജലധാരയും നന്നാക്കിയിരുന്നു. ആംഫി തിയറ്റർ മാതൃകയിൽ ഇരിപ്പിടവും തയ്യാറാക്കി. എന്നാൽ ഇവിടുത്തെ പൈപ്പുകളും മോട്ടോറുകളും പരിപാലനമില്ലാതെ തുരുമ്പെടുക്കുകയാണ്.
ഭിന്നശേഷിക്കാർക്ക് തൊട്ടും മണത്തും അനുഭവിച്ചറിയാൻ കഴിയുന്ന സെൻസറി പാർക്കുകൾ സാമൂഹികനീതി വകുപ്പ് ഒരുക്കുമെന്ന് പറഞ്ഞെങ്കിലും എവിടെയുമെത്തിയിട്ടില്ല.
@ നവീകരിക്കാതെ ലയൺസ് പാർക്ക്
രണ്ട് വർഷത്തിലധികമായി തകർന്ന് കിടക്കുന്ന ബീച്ചിലെ ലയൺസ് പാർക്ക് നവീകരിക്കാൻ
7.5 കോടി രൂപയുടെ പദ്ധതി കോർപ്പറേഷൻ ആവിഷ്കരിച്ചെങ്കിലും നവീകരണം ഇതുവരെ തുടങ്ങിയിട്ടില്ല.
കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകരിച്ച പദ്ധതിയ്ക്ക് ഭരണാനുമതി ലഭിക്കാത്തതാണ് നവീകരണം വെെകാൻ കാരണമായത്. നിലവിൽ പാർക്കിലെ കളി ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു.
കുളവും പാർക്കും അമൃത് 2 പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ നവീകരിക്കാനാണ് തീരുമാനം. കളിക്കാനുള്ള സൗകര്യങ്ങളും പ്രഭാത–സായാഹ്ന സവാരിക്കുള്ള പ്രത്യേക വഴികളും ഉൾപ്പെടുത്തിയാണ് പാർക്ക് നവീകരിക്കുക. അത്യാധുനിക കളി ഉപകരണങ്ങൾ, വായനാമൂല, റെയിൻ ഷെൽട്ടർ, പുൽത്തകിടി ഒരുക്കൽ എന്നിവയും നവീകരണത്തിന്റെ ഭാഗമായിട്ടുണ്ട്.
'' ടൂറിസം -പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശപ്രകാരം അൻസാരി പാർക്കിന്റെ നവീകരണത്തിനായുള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. അനുമതിയ്ക്കായി കോർപ്പറേഷനും സർക്കാരിനും അയക്കും''- നിഖിൽ ദാസ്, ഡി.ടി.പി.സി സെക്രട്ടറി
'' സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ലയൺസ് പാർക്കിന്റെ നവീകരണം ആരംഭിക്കും, അനുമതി ഉടനുണ്ടാകും ''-പി.സി രാജൻ , കോർപ്പറേഷൻ റവന്യൂ വിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷൻ.