
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഫറോക്ക് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എം.വി.ഐ) പിടിയിൽ. തൊടുപുഴ സ്വദേശി വി.എ.അബ്ദുൽ ജലീലിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഫറോക്ക് സ്വദേശിയായ ഷൗക്കത്തിന്റെ പുക പരിശോധന കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി പതിനായിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഷൗക്കത്തിന്റെ ഫറോക്ക് ചുങ്കത്തെ പുക പരിശോധന കേന്ദ്രം പരിശോധന നടത്തിയ അബ്ദുൽ ജലീൽ സ്ഥാപനത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പുക പരിശോധന സൈറ്റ് ബ്ലോക്ക് ചെയ്യുകയായിരുന്നു. വെഹിക്കിൾ ഇൻസ്‌പെക്ടറിൽ നിന്ന് അനുകൂല റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സ്ഥാപനം തുടരാൻ സാധിക്കുകയുള്ളൂവെന്ന് മനസിലാക്കിയ ഉടമ ജോയിന്റ് ആർ.ടി.ഒ ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ സ്ഥാപനത്തിലെത്തിയ എം.വി.ഐ അബ്ദുൽ ജലീൽ പതിനായിരം രൂപ വീട്ടിൽ വന്ന് തന്നാൽ സൈറ്റ് പുനസ്ഥാപിക്കാമെന്ന് അറിയിച്ചു. ഈ വിവരം സ്ഥാപന ഉടമ വിജിലൻസിന് കൈമാറിയതിനെ തുടർന്ന് വിജിലൻസ് നൽകിയ പണവുമായി ഷൗക്കത്ത് ഇന്നലെ രാവിലെ എം.വി.ഐയുടെ അഴിഞ്ഞിലത്തെ വാടക വീട്ടിലെത്തുകയായിരുന്നു. അബ്ദുൽ ജലീലിന്റെ വീട്ടിൽ നിന്ന് വിജിലൻസ് നിരവധി രേഖകൾ പിടിച്ചെടുത്തു. നേരത്തെയും നേരിട്ടും ഏജന്റുമാർ മുഖേനയും ഇയാൾ കൈകക്കൂലി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. അബ്ദുൽ ജലീലിന്റെ തൊടുപുഴയിലെ വീട്ടിലും പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.