car

പുൽപ്പള്ളി: ചേകാടി വനപാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ കാർ യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു. മുള്ളൻകൊല്ലി മുൻപഞ്ചായത്ത് മെമ്പർ പാളക്കൊല്ലി ചാലക്കൽ ഷെൽജൻ (52),​ പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജ്യോതി പ്രകാശിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഷെൽജനെ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഇരുവരും പാളക്കൊല്ലിയിൽ നിന്ന് ചേകാടിയിലെ ഇഞ്ചി കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു. റോഡ് തകർന്നതിനാൽ സാവധാനമായിരുന്നു യാത്ര. കാറിന്റെ പിന്നിൽ എന്തോ തട്ടുന്നതായി കേട്ടെങ്കിലും ആനയാണെന്ന് പ്രതീക്ഷിച്ചില്ല. കൊമ്പുകൊണ്ട് കാറിന്റെ പിൻഭാഗം ഉയർത്തി മറിച്ചിടുകയായിരുന്നു. 20 മീറ്ററോളം കാർ മലക്കം മറിഞ്ഞു. അപ്പോഴേക്കും ആന വനത്തിലേക്ക് കയറി. കാറിൽ നിന്ന് ഒരുവിധം പുറത്തിറങ്ങിയ ഇരുവരും അതുവഴി വന്ന മറ്റൊരു വാഹനത്തിൽ കയറി ആശുപത്രിയിൽ എത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് ഇതേ സ്ഥലത്തുവെച്ച് ബൈക്ക് യാത്രികരായ രണ്ടുപേരെ ആന ആക്രമിച്ചിരുന്നു.