കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി വേങ്ങേരി ജംഗ്ഷനിൽ വെഹിക്കിൾ ഓവർ പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശ്ശേരി റോഡ് വേങ്ങേരി ജംഗ്ഷൻ അടച്ചിട്ടതോടെ യാത്രാക്കുരുക്കിൽ വലഞ്ഞ് ജനങ്ങൾ. കഴിഞ്ഞ ദിവസമാണ് കക്കോടി വേങ്ങേരി ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ വേങ്ങരി ജംഗ്ഷൻ അടക്കുകയും ഗതാഗതം തിരിച്ച് വിടുകയും ചെയ്തത്. ഇതോടെ യാത്രാക്ളേഷം രൂക്ഷമായി.
ബാലുശ്ശേരി, നരിക്കുനി ഭാഗത്തു നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങൾ തണ്ണീർപന്തൽ മാവിളിക്കടവ് വഴി ബെപ്പാസിൽ കയറി വേങ്ങേരി ജംഗ്ഷൻ വഴി തടമ്പാട്ട്താഴം വഴിയാണ് പോകുന്നത്. തിരിച്ച് കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങൾ കരിക്കാംകുളം കൃഷ്ണൻ നായർ റോഡ് മാളിക്കടവ് തണ്ണീർ പന്തൽ വഴിയുമാണ് പോകുന്നത്.
ഇവിടങ്ങളിലുള്ള ബദൽറോഡുകൾക്ക് ആവശ്യത്തിന് വീതിയില്ലാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ പ്രധാന കാരണം. ഇരുഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒരുമിച്ചെത്തുമ്പോൾ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെടുന്ന ഇടുങ്ങിയ റോഡിലൂടെ രണ്ട് ബസുകൾ ഒരുമിച്ചെത്തുമ്പോൾ വാഹനങ്ങൾ കുരുങ്ങിപ്പോകുന്നത് നിത്യസംഭവമായി.
രാവിലേയും വൈകീട്ടുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. കാൽനടയാത്രക്കാർക്ക്
ഇതുവഴി നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
മാളിക്കടവ് ഐ.ടി.ഐയിലേക്കുള്ള വിദ്യാർത്ഥികളും പരിസരവാസികളും പ്രയാസപ്പെടുകയാണ്. ഇടയ്ക്കിടെയുണ്ടാകുന്ന ഗതാഗതക്രമീകരണം മൂലം ഏത് വഴിക്ക് യാത്രചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് യാത്രക്കാർ. അറിയിപ്പ് ബോർഡുകളും ഇവിടങ്ങളിൽ കൃത്യമായി സ്ഥാപിച്ചിട്ടില്ല.
കഴിഞ്ഞദിവസം വേങ്ങരി ജംഗ്ഷനിൽ ഓവർപാസിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ്പൊട്ടിയതിനെത്തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ദേശീയപാതയിൽ വാഹനങ്ങൾ കടന്നുപോകുന്നതിനിടയായിരുന്നു മണ്ണ് ഇടിഞ്ഞ് വീണത്. പെരുവണ്ണാമൂഴിയിൽ നിന്ന് മലാപ്പറമ്പിലെ വാട്ടർ അതോറിറ്റിയുടെ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പെെപ്പാണ് പൊട്ടിയത്. ഓവർപാസിന്റെ പ്രവൃത്തിയ്ക്കായി മണ്ണുമാറ്റിയപ്പോഴാണ് പെെപ്പ് പൊട്ടിയത്.
എന്ന് തീരും പ്രവൃത്തി
വേങ്ങേരി ബൈപ്പാസ് ജംഗ്ഷനിലെ അണ്ടർപാസിന് മുകളിലൂടെയുള്ള പാലം പണി ദേശീയ പാത അതോറിറ്റി അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണെന്നാണ്നാട്ടുകാർ പരാതിപ്പെടുന്നത്. തൊണ്ണൂറ് ദിവസങ്ങൾക്കുള്ളിൽ പാലം നിർമ്മാണം പൂർത്തീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നത്, മുപ്പത് ശതമാനം പണി പോലും പൂർത്തിയായില്ല. കഴിഞ്ഞ ജനുവരിയിലാണ് പാലം പണി തുടങ്ങിയത്. ഇതിന്റെ ഭാഗമായി വേങ്ങേരി ബൈപാസ് ജംഗ്ഷനിൽ നഗരത്തിലേക്കുള്ള പാത അടയ്ക്കുകയും ചെയ്തു. പ്രവൃത്തി നീളുന്നതിനാൽ
വേങ്ങേരിയിലും തടമ്പാട്ടുതാഴത്തുമുള്ള കച്ചവടക്കാരും വിദ്യാർത്ഥികളും ഓട്ടോറിക്ഷാ തൊഴിലാളികളുമടക്കം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്
ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാതെ കൃത്യമായ ബദൽ സംവിധാനം ഒരുക്കണം. ഓരോ ദിവസവും ഓരോരോ ഗതാഗത പരിഷ്കാരങ്ങളാണ്. ഇതറിയാതെയെത്തുന്ന ജനങ്ങൾ വട്ടം കറങ്ങുകയാണ്. വീതിയില്ലാത്തെ റോഡുകളിലൂടെ നിരവധി വാഹനങ്ങൾ ഒരുമിച്ചെത്തുമ്പോൾ നടന്ന് പോകാൻ പോലും സാധിക്കുന്നില്ല. മോഹനൻ, യാത്രക്കാരൻ