വ്യാപാര സ്ഥാപനങ്ങളെ ഞെളിയം പറമ്പാക്കരുത്
കോഴിക്കോട്: വ്യാപാരവ്യവസായ മേഖല നേരിടുന്ന പ്രധാന ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനകമ്മറ്റി നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര അടുത്തമാസം ഒന്നിന് കോഴിക്കോട്ടെത്തും.
ചെറുകിട വ്യാപാരമേഖലയെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയർത്തി പിടിച്ചാണ് കാസർകോട്ട് നിന്ന് യാത്ര ആരംഭിച്ചതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് തൊട്ടിൽപാലത്തു നിന്നും ജില്ലാനേതാക്കൾ യാത്രയെ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ കുറ്റ്യാടി, കക്കട്ടിൽ,നാദാപുരം,ഓർക്കാട്ടേരി വഴി വടകര കോട്ടമൈതാനത്തെത്തും. ശേഷം പയ്യോളി,പയ്യോളിബസാർ,മേപ്പയ്യൂർ,പേരാമ്പ്ര,ബാലുശ്ശേരി,പൂനൂർ വഴി താമരശ്ശേരിയിലെത്തും. തുടർന്ന് കൊടുവള്ളി,കുന്ദമംഗലം വഴി യാത്ര മുതലക്കുളം മൈതാനിയിൽ അവസാനിക്കും.
കോഴിക്കോട് നടക്കുന്ന സ്വീകരണയോഗത്തിൽ ജില്ലാപ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന യാത്ര ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽവ്യാപാര സ്ഥാപനങ്ങളെ ഞെളിയം പറമ്പാക്കുന്ന നയങ്ങൾക്കെത്രെ വ്യാപാരികൾ രംഗത്തെത്തി. വ്യാപാരസ്ഥാപനങ്ങളിൽ ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പച്ച, നീല ബിന്നുകൾ സ്ഥാപിക്കണമെന്നും ഇവ ഉപഭോക്താക്കൾക്ക് കൂടെ ഉപയോഗിക്കാൻ നൽകണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.
കൂടാതെ അജൈവമാലിന്യം എല്ലാമാസവും യൂസർഫി നൽകി ഹരിതകർമ്മ സേനയ്ക്ക് നിർബന്ധമായും നൽകണമെന്ന വ്യവസ്ഥയും വ്യാപാരികളെ പ്രയാസത്തിലാക്കുകയാണ്. മാലിന്യം ഇല്ലെങ്കിലും ഹരിതകർമ്മസേനയ്ക്ക് 100 രൂപയാണ് നൽകേണ്ടിവരുന്നതെന്നും വ്യാപാരികൾ പറയുന്നു. പണം നൽകിയില്ലെങ്കിൽ ലൈസൻസ് പുതുക്കി നൽകാത്ത സ്ഥിതിയുമുണ്ട്. ഇത് മൂലം പ്രയാസം അനുഭവിക്കുന്നത് ചെറുകിട വ്യാപാരികളാണ്.
ഉൾപ്രദേശങ്ങളിൽ ചെറുകട മുറികളിൽ കച്ചവടം നടത്തുന്നവർക്ക് ഒരു ദിവസം 300 രൂപ പോലും തികച്ച് വരുമാനമില്ലാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.ജില്ല പ്രസിഡന്റ് അഷ്റഫ് മുത്തേടത്ത് , ട്രഷറർ വി.സുനിൽകുമാർ, ജില്ല സെക്രട്ടറി മനാഫ് കാപ്പാട് എന്നിവർ പങ്കെടുത്തു.