ടെൻഡർ നടപടികൾ ഇന്നാരംഭിക്കും
കോഴിക്കോട്: മനസറിഞ്ഞ് വയറുനിറയെ കഴിക്കാം വെെവിദ്ധ്യമാർന്ന കോഴിക്കോടൻ വിഭവങ്ങൾ. ഭക്ഷണ പ്രേമികൾക്കായി ബീച്ചിൽ മോഡേൺ ഫുഡ് സ്ട്രീറ്റ് ഹബ്ബ് ഉടനാരംഭിക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ ഇന്നാരംഭിക്കും. കോർപ്പറേഷൻ തയ്യാറാക്കിയ വിശദപദ്ധതിരേഖയ്ക്ക് ദേശീയ സമിതി
ഭരണാനുമതി നൽകിയിരുന്നു.ഉന്തുവണ്ടികൾക്ക് മാത്രമായി ബീച്ചിൽ പ്രത്യേക മേഖലയൊരുക്കുന്ന വെൻഡിംഗ് സോൺ പദ്ധതിക്കൊപ്പം മോഡേൺ ഫുഡ് സ്ട്രീറ്റ് ഹബ്ബ് കൂടി നടപ്പാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് വിശദമായ ഡി.പി.ആർ നൽകിയിരുന്നു. രണ്ട് പദ്ധതികളും ഭക്ഷണവുമായി ബന്ധപ്പെട്ടതിനാൽ ഒരുമിച്ച് നടപ്പാക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലയിരുത്തൽ. സി.പി.ആർ ഭക്ഷ്യസുരക്ഷ കമ്മിഷണർ, എൻ.എച്ച്.എം ഡയരകട്ർ, ആരോഗ്യവകുപ്പ് ഡയരക്ടർ തുടങ്ങിയവർ ഉൾപ്പെട്ട വിദഗ്ദസമിതി അംഗീകരിച്ചതിന് ശേഷമാണ് ദേശീയ സമിതിയ്ക്ക് ഡി.പി.ആർ കെെമാറിയത്. ഭക്ഷ്യസുരക്ഷാവകുപ്പ്, ദേശീയ ആരോഗ്യദൗത്യം , കോർപ്പറേഷൻ എന്നിവർ ചേർന്നാണ് കേന്ദ്രപദ്ധതി പ്രകാരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് നടപ്പാക്കുന്നത്.
ഇതിനായി 3.44 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ആധുനികരീതിയിൽ തെരുവുഭക്ഷണത്തിന്റെ രുചി, വൃത്തിയോടെയും ആരോഗ്യകരമായും നഗരകേന്ദ്രങ്ങളിലുറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഒടുവിൽ ബീച്ചിലേക്ക്
ആദ്യം ബീച്ചായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് സരോവരം ചർച്ചയിൽ വന്നു. എന്നാൽ, വീണ്ടും ബീച്ചിലേക്ക് തന്നെയെത്തുകയായിരുന്നു. ഉന്തുവണ്ടികൾക്കായി കോർപ്പറേഷൻ നേരത്ത പദ്ധതി തയ്യാറാക്കിയിരുന്നു. അതിന് ഭരണാനുമതി ലഭിച്ചതുമാണ്.90 കച്ചവടക്കാർക്കുള്ള സ്ഥലമാണ് അത് പ്രകാരം നിശ്ചയിച്ചിരുന്നത്. ഒരേ മാതൃകയിൽ എല്ലാ സൗകര്യങ്ങളുമുള്ള വണ്ടികളാണ് ഇതുപ്രകാരം ബീച്ചിൽ വെക്കുക.മോഡേൺ ഫുഡ് സ്ട്രീറ്റ് ഹബ്ബിൽ 20 കച്ചവടക്കാരെയാണ് ഉൾപ്പെടുത്തുക. കോഴിക്കോട് ഉൾപ്പെടെ തിരുവനന്തപുരത്ത് ശംഖുംമുഖം, എറണാകുളം പനമ്പള്ളി നഗർ കസ്തൂർബാനഗർ, ഇടുക്കി, മൂന്നാർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്.
ഭരണാനുമതി ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
നടത്തിപ്പിനായി ഇന്ന് ടെൻഡർ നടപടികളിലേക്ക് കടക്കും - കെ.യു ബിനി, കോർപ്പറേഷൻ സെക്രട്ടറി