1

കോഴിക്കോട്: ഓടാത്ത വാച്ച് പത്മിനിയുടെ കൈയിലെത്തിയാൽ ഓടും. ഓടിയോടി ഓട്ടം വേഗത്തിലായാലും പതുക്കെയായാലും പത്മിനി തൊട്ടാൽ കണിശമാവും. സ്ത്രീകൾ വളരെ വിരളമായ വാച്ച് റിപ്പയറിംഗ് രംഗത്ത് 35 വർഷമായി മെക്കാനിക് വാച്ചുകളുടെ ഡോക്ടറായി ടി.കെ. പത്മിനിയുണ്ട്.

കോഡ്സ് മൂവ്മെന്റ് വാച്ചുകൾ (ബാറ്ററിയിൽ പ്രവർത്തിക്കുന്നവ) നന്നാക്കുന്ന സ്ത്രീകൾ ധാരാളമുണ്ടെങ്കിലും മെക്കാനിക് വാച്ചുകൾ നന്നാക്കുന്ന വനിതകളെ അങ്ങനെ കാണാറില്ല. വലുതും ചെറുതുമായ നിരവധി സൂചികളുടെയും നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ വയ്യാത്ത മെഷീനുകളുടെയും ലോകത്തേക്ക് 26ാ മത്തെ വയസിലാണ് പത്മിനി കടന്നുവന്നത്. ഇപ്പോൾ പ്രായം 58. മിഠായിത്തെരുവിൽ തണ്ണീർപന്തൽ സ്വദേശി രാജുവിന്റെ ഉടമസ്ഥതയിൽ 45 വർഷമായി പ്രവർത്തിക്കുന്ന 'ഹിന്ദുസ്ഥാൻ ടൈം സെന്ററി'ലാണ് പത്മിനി ജോലിചെയ്യുന്നത്.

കോഴിക്കോട് വെള്ളയിൽ ഐ.ടി.ഐയിൽ വാച്ച് ആൻഡ് ക്ലോക്ക് റിപ്പയറിംഗ് കോഴ്‌സ് പാസായശേഷമാണ് ഇവിടെയെത്തിയത്.

പത്താംക്ളാസ് പരീക്ഷ കഴിഞ്ഞതോടെ ഇനിയെന്ത് എന്ന ചോദ്യവുമായി വീട്ടിൽ അടുക്കളപ്പണിയും മറ്റുമായി കഴിഞ്ഞിരുന്ന സമയത്താണ് ഐ.ടി.ഐയിലെ ക്ലോക്ക് റിപ്പയറിംഗ് കോഴ്‌സിനെക്കുറിച്ച് അറിഞ്ഞത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അഴിക്കാനും കൂട്ടിച്ചേർക്കാനും ഇഷ്ടപ്പെട്ടിരുന്ന പത്മിനിക്ക് പഠനം കൂടുതൽ എളുപ്പമായി. പലരും നന്നാക്കാൻ സാധിക്കില്ലെന്ന് പറ‌ഞ്ഞ് ഉപേക്ഷിച്ച വാച്ചുകൾ ഹിന്ദുസ്ഥാൻ ടൈം സെന്ററിലെത്തിയ ശേഷം സമയമെടുത്ത് നന്നാക്കി നൽകി. അങ്ങനെ വാച്ചുകളുടെ ഡോക്ടറായി. കോടികൾ വിലപിടിപ്പുമുള്ള വാച്ചുവരെ പത്മിനിക്കു മുമ്പിലെത്താറുണ്ട്.

ഏത് വാച്ചും നന്നാക്കും

ഇപ്പോഴത്തെ സ്മാർട്ട് വാച്ച് ഒഴികെ ഏത് വാച്ചും നന്നാക്കും. വൈൻഡിംഗ്, ഓട്ടോമാറ്റിക് വാച്ചുകൾ നന്നാക്കുന്നതിലും വിദഗ്‌ദ്ധയാണ്. എങ്കിലും ഡയലിനുള്ളിൽ ഡയലുകൾ വരുന്ന ക്രോണാഗ്രാഫ് വാച്ചുകൾ പലപ്പോഴും വലച്ചിട്ടുണ്ട്. കോടികൾ വിലവരുന്ന പഴയകാല വാച്ചുകളായ വെസ്റ്റ് എൻഡ്, എനികാർ, റെെക്കോ, സെെക്കോ, എച്ച്.എം.ടി തുടങ്ങിയവ നന്നാക്കാനാണ് പത്മിനിക്ക് ഏറെ പ്രിയം. റേയ്മണ്ട് വെയിൽ, സീക്കോ, പാടെക് ഫിലിപ്പ്, റോളക്സ്, ടിസോട്ട്, റാഡോ തുടങ്ങിയ വാച്ചുകളും നന്നാക്കും. കൂലിപ്പണിക്കാരനായ ഭർത്താവ് വാസുവും ഓട്ടോ ഡ്രൈവറായ മകൻ വിനീഷും എൻ.ഐ.ടി ലൈബ്രറിയിൽ ജോലിചെയ്യുന്ന മകൾ വിൻസിയും നല്ല പ്രോത്സാഹനമാണ് പത്മിനിക്ക് നൽകുന്നത്.