കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്സറേ പണിമുടക്ക് തുടരുമ്പോഴും കുലുങ്ങാതെ അധികൃതർ. പുതുതായി പ്രവർത്തനം ആരംഭിച്ച പി.എം.എസ്.എസ്.വെെ ബ്ലോക്ക് കാഷ്വാലിറ്റിയിലെ എക്സറേ കഴിഞ്ഞ 15 ദിവസമായി പണിമുടക്കിലാണ്.
അത്യാഹിത വിഭാഗം പുതിയ ബ്ലോക്ക് തുറന്ന് ഒമ്പതുമാസത്തിനിടെ നിരവധി തവണയാണ് മെഷീൻ കേടാകുന്നത്. പരാതികൾ കുന്നുകൂടിയിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ തയ്യാറാവാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ആശുപത്രിയിലെത്തുന്ന നിർദ്ധനരായ രോഗികൾ ഉൾപ്പഴെ അധിക തുക നൽകി പുറത്ത് സ്വകാര്യ ലാബിൽ എക്സ്റേ എടുക്കേണ്ട അവസ്ഥയിലാണ്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ്എക്സറേ പണി മുടക്കുന്നതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർനൽകുന്ന വിശദീകരണം എന്നാൽ മോശമായ എക്സറേ യൂണിറ്റ് സ്ഥാപിച്ചത്കൊണ്ടാണ് ഇടയ്ക്കിടെ പണി മുടക്കുന്നതെന്നാണ് രോഗികൾ ആരോപിക്കുന്നത്.നിത്യേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ എക്സറേ യൂണിറ്റ് സ്ഥാപിച്ചതുമുതൽ കേടാവുന്നത് പതിവാകുകയാണ്. ടെക്നീഷ്യൻമാർ ശരിയാക്കി മടങ്ങിയാലും പിറ്റേ ദിവസവും ഇത് തന്നെയാണ് സ്ഥിതി. ഇതോടെ രോഗികൾ ഒ.പി വിഭാഗം പത്താം നമ്പർ മുറിയിലെത്തിയാണ് എക്സറേ എടുത്തത്. പുതിയ ബ്ലോക്കിൽ സി.ടി സ്കാൻ സംവിധാനവും 76,77 ലാബുകളും ആരംഭിച്ചിട്ടില്ല. ഇതോടെ രോഗികൾ സി.ടി സ്കാനിംഗിനും മറ്റ് ടെസ്റ്റുകൾക്കും ഒ.പിയെയാണ് ആശ്രയിച്ചത്. ഒപിയിലേയും കാഷ്വാലിറ്റിയിലേയും ആളുകൾ എക്സറേയ്ക്കായി
ഒ.പി. ബ്ലോക്കിൽ എത്തുന്നത് ഇവിടേയും തിരക്ക് വർദ്ധിപ്പിക്കുകയാണ്. ആശുപത്രി അധികൃതർക്കും പൊല്ലാപ്പാവുകയാണ് ഈ എക്സറെ മെഷീൻ. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണ കരാർ എടുത്ത എച്ച്.എൽ.എല്ലിന്റെ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന 'ഹൈക്ക് ' ആണ് അത്യാഹിത വിഭാഗത്തിൽ എക്സറേ മെഷീൻ സ്ഥാപിച്ചത്. ഒരുദിവസം 400ൽ അധികം എക്സറേ എടുക്കേണ്ടിവരുന്ന അത്യാഹിത വിഭാഗത്തിന് യോജിച്ചതല്ല ഇതെന്ന് മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും പുതിയ സംവിധാനം ഏർപ്പെടുത്താതെ അനാസ്ഥ തുടരുകയാണ്.
രോഗികൾക്ക് പെടാപ്പാട്
300 മീറ്റർ അകലെ മെഡി. കോളേജ് ജനൽ ആശുപത്രി ബ്ലോക്കിൽ എക്സറേ പ്രവർത്തിക്കുന്നുണ്ടെങ്കിലും അപകടത്തിൽ ഗുരുതര പരിക്കേറ്റ് എത്തുന്നവരെയും അത്യാസന്നനിലയിൽ എത്തുന്നവരെയും അവിടെ എത്തിച്ച് എക്സറേ എടുക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഇത് രേഗികൾക്ക് ചികിത്സ വൈകാൻ ഇടയാക്കുകയും ചെയ്യുന്നുണ്ട്. പരിക്കേറ്റവരെ ട്രോളികളിലും വീൽചെയറുകളിലും ലിഫ്റ്റ് വഴി മുകളിലെത്തിച്ച് ആകാശപാത വഴി നേരത്തെ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളേജ് ആശുപത്രി കോംപ്ലക്സിൽ എത്തിക്കണം. അവിടെ 14ാം ബ്ലോക്കിൽ നിന്ന് പരിശോധനയ്ക്ക് വിധേയരാവുന്ന രോഗികൾക്ക് റിപ്പോർട്ട് ലഭിക്കണമെങ്കിൽ 100 മീറ്റർ കൂടി പോയി മെയിൻ കൗണ്ടറിൽ ചെന്ന് പണം അടയ്ക്കണം. ഇതെല്ലാം കഴിയുമ്പോഴേക്കും ചികിത്സ മണിക്കൂറുകൾ വൈകും.
പരിക്കേറ്റ ഒരാളെ എക്സറേ എടുക്കാനായി കാഷ്വാലിറ്റിയിൽ നിന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ചുരങ്ങിയത് രണ്ടാളെങ്കിലും വേണം. ഇത്തരത്തിൽ എക്സറെ എടുക്കാൻ വീച്ചെയറിൽ പോവുന്നവർ തിരികെ എത്താൻ വൈകുന്നത് കാഷ്വാലിറ്റിയിൽ വീൽച്ചെയർ ക്ഷാമത്തിനും ഇടയാക്കുന്നുണ്ട്.