ssss
വേദക്ഷേത്രത്തിൽ നടന്ന വസോർധാര ചടങ്ങ്

കോഴിക്കോട് : അറിവിന് പ്രാമുഖ്യം നൽകണമെന്നതാണ് വേദക്ഷേത്രത്തിന്റെ സന്ദേശമെന്ന് ആചാര്യശ്രീ രാജേഷ് പറഞ്ഞു. കാശ്യപ വേദാശ്രമത്തിലെ വേദക്ഷേത്രപ്രതിഷ്ഠയുടെ ഒന്നാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദക്ഷേത്രത്തിൽ രാവിലെ പുണ്യാഹവാചത്തോടെ ചടങ്ങുകൾ ആരംഭിച്ചു. സ്ഥലശുദ്ധി, ഋത്വിഗ്വരണം, മഹാസങ്കല്പം, അഗ്നിപ്രതിഷ്ഠ, ഗണപതിഹവനം, നവഗ്രഹഹോമം, ദിക്പാലകഹോമം, കർമസാദ്ഗുണ്യതാഹോമം, മൃത്യുഞ്ജയഹോമം, രുദ്രയാഗം, വസോർധാര, മംഗളാരതി തുടങ്ങിയ ക്രിയകളും നടന്നു. കർണാടകയിലെ സുള്ള്യയിൽനിന്നുള്ള ഹരീഷ് ഭട്ടും സംഘവുമാണ് കാർമികത്വം വഹിച്ചത്. വേദനാരായണനുള്ള സേവയായി വേദലക്ഷ്മിയുടെ കീർത്തനം, ശിവാനി സുരേഷിന്റെ നൃത്തം, വിഷ്ണു സഹസ്രനാമജപം, പ്രണവാഷ്ടോത്തരശതനാമ അർച്ചന എന്നിവയും നടന്നു. ഉച്ചയ്ക്ക് അന്നപ്രസാദവും ഉണ്ടായിരുന്നു. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നീ നാല് വേദങ്ങളുടെ മൂലസംഹിതകളും ലഭ്യമായ ശാഖാസംഹിതകളും പ്രതിഷ്ഠിച്ച ലോകത്തിലെതന്നെ ആദ്യത്തെ ക്ഷേത്രമാണ് കോഴിക്കോട് കഴിഞ്ഞ വർഷം സ്ഥാപിതമായ വേദക്ഷേത്രം. അറിവിന് പ്രാമുഖ്യം നൽകുന്ന വേദക്ഷേത്രത്തിൽ ക്ഷേത്രദർശനത്തിന് എത്തുന്നവർക്കായി വേദങ്ങളിലെ വിവിധങ്ങളായ അറിവുകളെക്കുറിച്ചും നിത്യനൈമിത്തിക ആചരണങ്ങളായ പഞ്ചമഹായജ്ഞങ്ങളെയും ഷോഡശക്രിയകളെയുംകുറിച്ചുള്ള പ്രദർശിനികളും വൈദികഗ്രന്ഥങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. രാവിലെ 6 മുതൽ 8.30 വരെയും ഉച്ചയ്ക്ക് 11 മുതൽ 12.30 വരെയും വൈകിട്ട് 5 മുതൽ 7 വരെയുമാണ് വേദക്ഷേത്ര ദർശനസമയം.