 
വടകര: എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കടത്തനാടിന്റെ മണ്ണിൽ ഉജ്ജ്വല സ്വീകരണം. വടകര കോട്ടപ്പറമ്പിൽ മുൻ കർണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ പദയാത്ര ഉദ്ഘാടനം ചെയ്തു. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച കേരള പദയാത്ര മടപ്പള്ളിയിൽ സമാപിച്ചു. വടകര ലോകസഭ ഇൻചാർജ് കെ.പി. ശ്രീശൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് മുഖ്യപ്രഭാഷഷണം നടത്തി. ആയിരക്കണക്കിന് പേർ പങ്കെടുത്ത പദയാത്രയിൽ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങൾ അണിനിരന്നു. നരേന്ദ്രമോദിയുടെ പ്ലക്കാർഡുമേന്തി മോദി മോദി മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തത്.
സംസ്ഥാനത്ത് ഭരണം നടക്കുന്നത് കേന്ദ്രസർക്കാരിന്റെ സഹായത്താലാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനം സാമ്പത്തികമായി തകർന്ന് തരിപ്പണമായിരിക്കുകയാണ്. വടകരയിൽ പദയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കുന്നത് നരേന്ദ്ര മോദി സർക്കാർ ഉള്ളതുകൊണ്ടാണ്. തൊഴിലുറപ്പ് പദ്ധതിക്കാർക്കും കുടുംബശ്രീക്കാർക്കും വേതനം കൊടുക്കുന്നത് കേന്ദ്രസർക്കാരാണ്. എന്നാൽ കേന്ദ്രം കണക്ക് ചോദിച്ചാൽ അത് തരില്ലെന്നാണ് പിണറായി വിജയൻ പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. വടകര ജനറൽ ആശുപത്രിക്ക് മാത്രം 108 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. വടകര റെയിൽവേ സ്റ്റേഷൻ ആധുനികവത്ക്കരിച്ചു. വടകര ആശുപത്രിയിൽ അടക്കം എല്ലാ സ്ഥലത്തും അധികൃത പാർട്ടി നിയമനങ്ങളാണ് നടക്കുന്നത്.
തൊഴിലില്ലായ്മ വർദ്ധിക്കുകയാണ് കേരളത്തിൽ. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പറയുകയാണ് ഭാര്യയുടെ പെൻഷൻ കൊണ്ടാണ് മകൾ ബിസിനസ് തുടങ്ങിയതെന്ന്. അരിയാഹാരം കഴിക്കുന്നവർ ഇതൊന്നും വിശ്വസിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പുത്തൻപുര, എസ്ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ വി.വി രാജേന്ദ്രൻ, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി, കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ, ബി.ജെ.പി സംസ്ഥാന വക്താവ് വി.പി. ശ്രീപദ്മനാഭൻ, ലോകസഭ മണ്ഡലം കൺവീനർ എൻ.ഹരിദാസൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു